Mon. Dec 23rd, 2024
തുറവൂർ:

വിഷുക്കച്ചവടം മുന്നിൽക്കണ്ട് വളമംഗലത്ത് അനധികൃതമായി സംഭരിച്ച പടക്കങ്ങൾ പൊലീസ് പിടിച്ചെടുത്ത് സൂക്ഷിക്കുന്നത് സ്റ്റേഷനു സമീപംതന്നെ. കുത്തിയതോട് പൊലീസ് സ്റ്റേഷനോടു ചേർന്ന ഇടുങ്ങിയ സ്ഥലത്താണ് സൂക്ഷിച്ചിരിക്കുന്നത്. കുത്തിയതോട് പൊലീസ് കഴിഞ്ഞ ദിവസം വളമംഗലം പ്രദേശത്തു നടത്തിയ പരിശോധനയിലാണ് കിലോ കണക്കിനു പടക്കങ്ങൾ കണ്ടെത്തിയത്.

ശിവകാശിയിൽനിന്ന് എത്തിച്ച, ഏകദേശം 5 ലക്ഷത്തിലധികം രൂപയുടെ കമ്പിത്തിരി, പൂത്തിരി സാമഗ്രികളും നാടൻ പടക്കങ്ങളുമാണ് പിടിച്ചെടുത്തത്. ഈ പടക്കങ്ങൾ പൊലീസ് സ്റ്റേഷനോടു ചേർന്ന സ്ഥലത്ത് മഴയും വെയിലും കൊള്ളാത്തവിധമാണ് സൂക്ഷിച്ചിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. തൊണ്ടിമുതൽ ആയതിനാൽ ഇവ നിർവീര്യമാക്കാൻ കോടതിയുടെ അനുമതി തേടണം. 

തുടർന്ന് എക്സ്പ്ലോസീവ്സ് കൺട്രോൾ വിഭാഗം ഓഫിസിൽ വിവരമറിയിക്കണം. അവർ എത്തി പരിശോധിച്ച ശേഷമേ പടക്കം നിർവീര്യമാക്കൂ. കോടതി ഉത്തരവ് അയച്ചാലും എക്സ്പ്ലോസിവ്സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ പെട്ടെന്നെത്താൻ സാധ്യത കുറവ്.

ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ അല്ലെന്ന് അവർ ഉറപ്പാക്കി, അനുമതി നൽകിയ ശേഷം ബോംബ് സ്ക്വാഡ് എത്തിയാണ് നിർവീര്യമാക്കുന്നത്. വർഷങ്ങൾക്കു മുൻപ് കുത്തിയതോട്, അരൂർ പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചെടുത്ത പടക്കങ്ങൾ ചമ്മനാട് ക്ഷേത്രം ഗ്രൗണ്ടിൽ കത്തിച്ചിരുന്നു. ഇങ്ങനെ കത്തിക്കുമ്പോൾ അഗ്നിരക്ഷാ സേന ഉൾപ്പെടെ സ്ഥലത്തുണ്ടാകണം.

അപകടം ഒഴിവാക്കാനുള്ള മുൻകരുതലുകളെല്ലാം സ്വീകരിച്ചു മാത്രമേ പടക്കങ്ങൾ നിർവീര്യമാക്കാൻ കഴിയൂ. ഓലപ്പടക്കം പൊട്ടുന്നത്ര എളുപ്പത്തിൽ അനധികൃത പടക്കം പിടികൂടുമെങ്കിലും അതു നിർവീര്യമാക്കണമെങ്കിൽ ആറ്റംബോംബ് നിർമിക്കുന്നതിനെക്കാൾ നൂലാമാലയാണെന്ന് പൊലീസ് പറയുന്നു. പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ, അലുമിനിയം പൗഡർ എന്നിവ ചേർത്തുണ്ടാക്കുന്ന പടക്കങ്ങൾ മഞ്ഞുകാലത്തോ മഴയിലോ തണുത്താൽ ചെറു ചൂടു മതി പുകഞ്ഞു കത്താൻ. ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടായ സംഭവങ്ങൾ ഒട്ടേറെ. അതിനാൽ സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നത് പ്രായോഗികമല്ലെന്നാണ് പടക്കങ്ങൾ നിർമിക്കുന്ന വിദഗ്ധ തൊഴിലാളികൾ പറയുന്നത്.