ന്യൂഡൽഹി:
ഹിന്ദു വിശ്വാസങ്ങളെ ട്വിറ്റർ വിലമതിക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്ന പോസ്റ്റുകൾ തടയാൻ ട്വിറ്റർ തയ്യാറാകുന്നിലെന്ന് കോടതി വിമർശിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ബ്ലോക്ക് ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് നിരീശ്വരവാദി സംഘടനയുടെ അക്കൗണ്ടുകൾ തടയുന്നില്ലെന്ന് കോടതി ചോദിച്ചു.
മറ്റ് മത വിശ്വാസികളുടെ വൈകാരിക വിഷയങ്ങളില്‍ ട്വിറ്ററിന് ആശങ്കയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹിന്ദു മതസ്ഥരുടെ വിശ്വാസങ്ങളെ ട്വിറ്റർ വിലമതിക്കുന്നില്ല. എന്തുകൊണ്ട് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ അക്കൗണ്ടിനെതിരെ സ്വമേധയാ നടപടിയെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു.
മറ്റൊരു മതവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു സംഭവം നടന്നിരുന്നുവെങ്കില്‍ ട്വിറ്റര്‍ കൂടുതല്‍ ശ്രദ്ധിക്കുമായിരുന്നെന്നും കോടതി. ആത്യന്തികമായി ഒരുവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുകയാണെങ്കില്‍ അത്തരം ഉള്ളടക്കം തടയണമെന്ന് കോടതി ആവശ്യപ്പെട്ടു. നിലവിലെ കേസിലെ ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്തിട്ടുണ്ടെന്നും പോസ്റ്റുകളുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ട്വിറ്ററിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
എത്തീസ്റ്റ് റിപ്പബ്ലിക് എന്ന അക്കൗണ്ടില്‍ നിന്നാണ് കാളീദേവിയെ അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശമുണ്ടായത്. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജഡ്ജി വിപിന്‍ സാംഘി തലവനായ ബെഞ്ച് ട്വിറ്ററിനെ വിമര്‍ശിച്ചത്.