Sun. Feb 23rd, 2025

94-ാമത് ഓസ്കർ പുരസ്കാര ചടങ്ങിൽ നടൻ വില്‍ സ്മിത് അവതാരകന്റെ മുഖത്തടിച്ചത് വലിയ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഭാര്യയെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒടുവിൽ മികച്ച നടനുള്ള അവാർഡ് സ്വീകരിച്ചു കൊണ്ട് സംഭവത്തിൽ സ്മിത് മാപ്പു പറയുകയും ചെയ്തു. ഈ അവസരത്തിൽ നടന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

”അക്കാദമിയോട് മാപ്പ് പറയുകയാണ്. എന്റെ എല്ലാ നോമിനികളോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു മനോഹരമായ നിമിഷമാണ്, ഒരു അവാര്‍ഡ് നേടിയതിലല്ല ഞാന്‍ കരയുന്നത്. ജനങ്ങളുടെ മേല്‍ വെളിച്ചമായി തിളങ്ങാനും വെളിച്ചം പകരാനും സാധിച്ചതിനാലാണ് കണ്ണുകൾ നിറയുന്നത്.

കിംഗ് റിച്ചാര്‍ഡിന്റെ എല്ലാ കാസ്റ്റ് ആന്‍ഡ് ക്രൂവിനും വില്യംസ് കുടുംബത്തിനും നന്ദി. സ്നേഹം ചിലപ്പോൾ നിങ്ങളെ ഭ്രാന്തൻ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. ഞാന്‍ ഓസ്‌കാര്‍ അക്കാദമിയോടും എല്ലാ സഹപ്രവര്‍ത്തകരോടും മാപ്പ് ചോദിക്കുന്നു. അക്കാദമി ഇനിയും എന്നെ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നന്ദി,” വില്‍ സ്മിത് പറഞ്ഞു.