Fri. Mar 29th, 2024
കൊടുമ്പ്:

വർഷങ്ങളായി തകർന്നുകിടക്കുന്ന വഴിയിലൂടെ ആംബുലൻസും മറ്റു വാഹനങ്ങളും എത്തിക്കാനായില്ല, കാലിനു പരുക്കേറ്റ ഭാര്യയെ ഭർത്താവ് കൈവണ്ടിയിൽ ഇരുത്തി മുക്കാൽ കിലോമീറ്ററോളം തള്ളി പ്രധാന റോഡിൽ എത്തിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയി. വീട്ടിലേക്കു റോഡില്ലാത്തതിനാൽ കൊടുമ്പ് തിരുവാലത്തൂർ കാങ്ങാട്ടുപറമ്പ് ആറുമുഖനാണ് ദുരവസ്ഥയുണ്ടായത്. എല്ലു തേയ്മാനത്തിനു ചികിത്സയിലായിരുന്ന ആറുമുഖന്റെ ഭാര്യ ഭാഗ്യം ഇന്നലെ രാവിലെ അടുക്കളയിൽ ജോലിക്കിടെ തെന്നിവീഴുകയായിരുന്നു.

പറമ്പിലായിരുന്ന ആറുമുഖൻ ഓടിയെത്തിയെങ്കിലും ഭാഗ്യം എഴുന്നേൽക്കാൻ പോലും കഴിയാതെ കരയുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ആംബുലൻസും ഓട്ടോറിക്ഷയും എത്തിക്കാൻ ശ്രമിച്ചു. തകർന്നുകിടക്കുന്ന, വീതികുറഞ്ഞ വഴിയിലൂടെ വാഹനങ്ങൾ വരാൻ മടിച്ചു.

ഇരുചക്ര വാഹനങ്ങൾ പോലും കിട്ടിയില്ല. ഇതോടെ മറുവഴികളില്ലാതെ ആറുമുഖൻ പറമ്പിൽ മണ്ണു നീക്കാൻ ഉപയോഗിക്കുന്ന മുച്ചക്ര കൈവണ്ടിയിൽ ഇരുത്തി മുക്കാൽ കിലോമീറ്ററോളം തള്ളിയാണ് ഭാര്യയെ പ്രധാന റോഡിലെത്തിച്ചത്. ഇവിടെ നിന്ന് ഓട്ടോറിക്ഷയിൽ അത്താണി ആശുപത്രിയിലേക്കു മാറ്റി.

കൂലിപ്പണിക്കാരനായ ആറുമുഖന്റേത് ഉൾപ്പെടെ ഇരുപത്തിയഞ്ചോളം വീടുകളാണു 13ാം വാർഡായ കാങ്ങാട്ടു പറമ്പിലുള്ളത്. സ്ഥലം വിട്ടുനൽകുന്നതിൽ ഉൾപ്പെടെയുള്ള തർക്കങ്ങളെത്തുടർന്ന് റോഡിന്റെ നിർമാണം വർഷങ്ങളായി നീണ്ടുപോവുകയാണെന്നും ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദീപക് തിരുവാലത്തൂർ ആരോപിച്ചു. വർഷങ്ങളായി മൃതദേഹം പോലും ആളുകൾ ചുമന്നാണ് കൊണ്ടുപോകുന്നതെന്നും റോഡ് യാഥാർഥ്യമാക്കണമെന്നും പ്രദേശവാസികൾ പറയുന്നു.