Mon. Dec 23rd, 2024
തൃശൂർ:

പൊലീസിലെ ഡ്യൂട്ടി സമയം അവസാനിച്ചാൽ പ്രശാന്ത് ‘പൈലറ്റ്’ ഡ്യൂട്ടിയിലേക്കു പ്രവേശിക്കും. വിഐപികളുടെ വാഹനത്തിനു മുന്നേ റോഡിലൂടെ പായുന്ന പൊലീസ് പൈലറ്റ് ആയല്ല, ചെറുവിമാന മാതൃകകൾ പറത്തുന്ന പൈലറ്റായാണു പ്രശാന്ത് വേഷം മാറുക. സ്വന്തം അധ്വാനവും ആത്മവിശ്വാസവും കൊണ്ടാണ് പ്രശാന്ത് ചെറുവിമാനങ്ങൾ നിർമിച്ചു പറത്തുന്നത്. പുതിയ സാങ്കേതികവിദ്യകൾ പഠിച്ചും പരീക്ഷിച്ചും പ്രശാന്ത് ഇതുവരെ ഉണ്ടാക്കിയത് ഇരുപതോളം ചെറുവിമാനങ്ങൾ. ഭൂമിയിൽ നിന്നു നിയന്ത്രിക്കാവുന്നവയാണ് ഇവയെല്ലാം.

ഒട‍ുവിലിതാ പൊലീസ് സേനയ്ക്കു വേണ്ടി ചെറുനിരീക്ഷണ വിമാനമുണ്ടാക്കാൻ ഒരുങ്ങുകയാണു പ്രശാന്ത്. നെടുപുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ പുത്തൂർ നമ്പ്യാർ റോഡ് ഇരട്ടിയാനിക്കൽ പ്രശാന്ത് വിമാനം നിർമിച്ചു പറത്താൻ തുടങ്ങിയത് 2016ൽ ആണ്. ആഗ്രഹം മൂത്തപ്പോൾ യൂട്യൂബ് വി‍ഡിയോകൾ കണ്ടും ഇന്റർനെറ്റിൽ പരതിയും ചെറുവിമാന മാതൃകകളുടെ നിർമ‍ാണം പഠിച്ചെടുത്തു,

പറപ്പിക്കാനും പഠിച്ചു. ഹാർഡ് ബോർഡ്, പ്ലാസ്റ്റിക്, കടലാസ് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആദ്യത്തെ വിമാനങ്ങൾ നിർമിച്ചത്. ആദ്യത്തെ വിമാനങ്ങളെല്ലാം ലാൻഡിങ്ങിനിടെ തകർന്നുവീണു.

ഒന്നും രണ്ടുമല്ല, ആറെണ്ണം. ഒടുവിൽ ഏഴാമത്തെ വിമാനം കുട്ടനെല്ലൂർ കോളജ് മൈതാനത്തു നിന്നു പറന്നുയർന്ന്, സുരക്ഷിതമായി തിരിച്ച‍ിറങ്ങി. സീപ്ലെയ്ൻ, ഹെലികോപ്റ്റർ, ഡ്രോൺ എന്നിവയും നിർമിച്ചു.

പ്രശാന്തിന്റെ വിമാന പരീക്ഷണങ്ങളിൽ കൗതുകം കണ്ട കമ്മിഷണർ ആർ ആദിത്യ മുന്നോട്ടുവച്ചതു വേറിട്ട ഓഫർ, ‘പൊലീസിന്റെ ഡ്രോൺ ലാബിൽ പ്രവർത്തിക്കാൻ താൽപര്യമ‍ുണ്ടോ?’ ഇക്കാര്യത്തിൽ പ്രശാന്ത് തീരുമാനമെടുത്തിട്ടില്ലെങ്കിലും മറ്റൊരു ദൗത്യത്തിനു സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആൾക്കൂട്ട നിയന്ത്രണത്തിനും ട്രാഫിക് നിരീക്ഷണത്തിനും മറ്റുമായി ഉപയോഗിക്ക‍ാവുന്ന ഒരു പൊലീസ് ഡ്രോണിന്റെ നിർമാണച്ചുമതല പ്രശാന്ത് നിർവഹിക്കും. ചർച്ചകൾ വേഗത്തിലായാൽ പ്രശാന്തിന്റെ ഡ്രോൺ ആകാശത്തേക്കുയരാൻ ഏറെന‍ാൾ വേണ്ടിവരില്ല.