Wed. Jan 22nd, 2025
ചെങ്ങന്നൂർ:

അടുപ്പിൽ സ്ഥാപിച്ച കെ റെയിൽ അതിരടയാള കല്ല് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പിഴുതെറിഞ്ഞു. ചെങ്ങന്നൂർ കൊഴവല്ലൂർ സ്വദേശി തങ്കമ്മയുടെ കുടിലിലെ അടുപ്പിൽ സ്ഥാപിച്ച കെ റെയിൽ അതിരടയാള കല്ലാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുത് മാറ്റിയത്. ധൈര്യമായിരുന്നോയെന്നും കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും ചെന്നിത്തല വീട്ടുകാരോട് പറഞ്ഞു.

അടുപ്പില്‍ സ്ഥാപിച്ച കല്ല് നോക്കി ‘നമുക്കിതങ്ങ് എടുത്താലോ’-യെന്ന് ചെന്നിത്തല പറഞ്ഞതോടെ പ്രവര്‍ത്തകരെല്ലാം കൂടി ആവേശത്തോടെ പിഴുതെറിയുകയായിരുന്നു. കല്ല് പിഴുതെറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ റെയില്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് മടങ്ങിയത്. കെ റെയില് പദ്ധതിക്കായി സർവ്വേ നടത്തിയ ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളിലും രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി.

കൊഴുവല്ലൂർ, മുളക്കുഴ തുടങ്ങിയ സ്ഥലങ്ങളിലെത്തിയ അദ്ദേഹവുമായി നിരവധിപ്പേര്‍ ആശങ്ക പങ്കിട്ടു. സംസ്ഥാനത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി പദ്ധതിയെ എതിര്‍ക്കുകയാണന്നും കെ റെയില്‍ നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. അതെ സമയം സിൽവർ ലൈനിൻ സർവേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാനാണെന്നും സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.

സാമൂഹിക ആഘാത പഠനം പ്രഹസനമാണ്. പഠനഫലം എന്തായാലും പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സിൽവർ ലൈനിൽ മുഴുവൻ കൃത്രിമമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ ശ്രിലങ്ക ആക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളം മുഴുവൻ പദ്ധതിയുടെ ഇരകളാണ്. പദ്ധതിക്കായി വീട് കയറി പ്രചാരണം നടത്തുന്ന ഡിവൈഎഫ്‌ഐ കൊട്ടാരം വിദൂഷകൻമാരുടെ റോളിലാണെന്നും സതീശൻ പരിഹസിച്ചു.