Fri. Nov 22nd, 2024
അമേരിക്ക:

94-ാമത് ഓസ്കറിന് തിരശ്ശീല വീഴുമ്പോൾ ഡോൾബി തിയറ്ററിൽ തിളങ്ങിത് സഹനടനായ ട്രോയ് കോട്സറും സഹനടിയായ അരിയാനോ ഡെബോസുമാണ്. കേള്‍വിയില്ലാത്ത അമേരിക്കൻ താരമാണ് ട്രോയ്. ട്രാൻസ്ജെൻഡറായ വ്യക്തിയാണ് അരിയാന. ഇരുവരും ഓസ്കർ പുരസ്കാരം കയ്യിലേന്തിപ്പോൾ, അത് പുതു ചരിത്രം കൂടിയായി മാറി.

ഓസ്കർ പുരസ്‌കാരങ്ങൾക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ അഭിനേതാവ് കൂടിയാണ് ട്രോയ് കോട്സർ. കോഡയിലെ ഫ്രാങ്ക് റോസി എന്ന കഥാപാത്രത്തെ തൻമയത്വത്തോടെ അവതരിപ്പിച്ചതിനായിരുന്നു ട്രോയിയെ പുരസ്കാരത്തിന് അർഹനാക്കിയത്. കോഡ തന്നെയാണ് 94-ാമത് ഓസ്കറിലെ മികച്ച ചിത്രവും.

‘പരിമിതികളെ അവസരങ്ങളാക്കാന്‍ ബാല്യകാലം മുതല്‍ പ്രയത്നിച്ചിരുന്നു. ജീവിതത്തെ പ്രതീക്ഷയോടെ സമീപിക്കൂ. എന്റെ നേട്ടങ്ങള്‍ കേള്‍വി ശേഷിയില്ലാത്തവര്‍ക്ക് പ്രചോദനമാകുമെന്ന് കരുതുന്നു’, എന്നാണ് ഓസ്കർ സ്വീകരിച്ചു കൊണ്ട് ട്രോയ് കോട്സർ പറഞ്ഞത്.

മികച്ച സഹനടിക്കുള്ള ഓസ്‍കര്‍, അരിയാനോ ഡെബോസിന് ലഭിച്ചത് ഓസ്കർ വേദിയിലെ മറ്റൊരു ചരിത്രമായി. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് അരിയാനോക്ക് പുരസ്കാരം. അഭിനേത്രിയായി മാത്രമല്ല ​ഗായികയും നൃത്തകിയും കൂടിയാണ് ഈ അമേരിക്കൻ താരം.

അഭിനയത്തിൽ മികച്ച പ്രാവീണ്യം തെളിയിച്ച അരിയാനയെ, ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ്, ടോണി അവാർഡ്, ഡ്രാമ ലീഗ് അവാർഡ് എന്നിവയ്‌ക്കുള്ള നോമിനേഷനുകൾ ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.