Fri. May 3rd, 2024
തിരുവനന്തപുരം:

കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കിൽ വലഞ്ഞ് കേരളം. വ്യാപാര, ​ഗതാ​ഗതമേഖല സ്തംഭിച്ച അവസ്ഥയാണ്.ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനെതിരെ ബാങ്കിങ് സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. നഗരഗ്രാമ വ്യത്യാസമില്ലാതെ അടഞ്ഞുകിടക്കുകയാണ് കേരളം. കടകൾ തുറന്നത് അടപ്പിക്കുന്നുണ്ട്, ജോലിയെടുക്കാൻ വന്നവരെ തിരിച്ചയക്കുന്നുണ്ട്.

എന്നാൽ മുംബൈയും ദില്ലിയും ബെംഗളൂരുവുമുൾപ്പെടെ രാജ്യത്തെ വൻ നഗരങ്ങളിലെല്ലാം ജനജീവിതം ഒരു തടസ്സവുമില്ലാതെ നീങ്ങുകയുമാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പണിമുടക്ക് പൂർണമാണ്. കോട്ടയത്ത് കെഎസ്ആർടിസി ഒരു സർവീസും നടത്തുന്നില്ല. കടകളും തുറന്നില്ല.

മെഡിക്കൽ കോളേജിൽ എത്തുന്നവരുടെ എണ്ണത്തിലും കുറവാണ്. വാഹനങ്ങൾ ഓടുന്നുണ്ട്. പത്തനംതിട്ടയിൽ നിരത്തുകളിൽ വാഹനങ്ങൾ ഇല്ല. കച്ചവട സ്ഥാപനങ്ങൾ തുറന്നിട്ടില്ല. കെഎസ്ആർടിസി ഒരു സർവീസും നടത്തുന്നില്ല.

ഇടുക്കിയിലും കെ എസ് ആർ ടി സി സർവീസുകൾ ഒന്നും ഇല്ല.തോട്ടം തൊഴിലാളികളും പണിമുടക്കിലാണ്. കടകൾ ഒന്നും തുറന്നിട്ടില്ല. ഇരു ചക്ര വാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഓടുന്നത്.

കണ്ണൂരിലും പണിമുടക്ക് പൂർണമാണ്. സ്വകാര്യ ബസുകളും കെ എസ് ആർട്ടിസിയും സർവീസ് നടത്തുന്നില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. വയനാട് 6 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്.  

ക്ഷേത്ര ഉത്സവം കണക്കിലെടുത്ത് മാനന്തവാടി താലൂക്കിൽ ഇളവുകൾ നൽകിയിട്ടുണ്ട്.   വള്ളിയൂർകാവ് ക്ഷേത്ര ഉത്സവം കണക്കിലെടുത്താണ് ഇളവ് നൽകിയത്. ഇതിനിടെ കമ്പളക്കാട് ടൗണിൽ നിരത്തിലിറങ്ങിയ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു.

പൊലീസെത്തിയാണ് വാഹനങ്ങൾ കടത്തിവിട്ടത്.  കാസർകോട് ദേശീയ പാതയിൽ സമരക്കാർ  വാഹനങ്ങൾ തടയുന്ന അവസ്ഥയുണ്ടായിരുന്നു. പൊലീസെത്തി ഗരാഗതം പുനസ്ഥാപിച്ചു. നഗരത്തിൽ പണിമുടക്ക് അനുകൂലികളുടെ  പ്രകടനം നടന്നു.

മലപ്പുറം എടവണ്ണപ്പാറയിൽ തുറന്ന കടക്കു മുന്നിൽ സമരക്കാരുടെ പ്രതിഷേധം ഉണ്ടായി. എടവണ്ണപ്പാറയിലെ ഫാമിലി ഷോപ്പിനെതിരെയാണ് പ്രതിഷേധം. പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയിലും പണിമുടക്ക് പൂർണ്ണമാണ്. അവശ്യ സർവ്വീസുമായി ബന്ധപ്പെട്ട കമ്പനികൾ മാത്രം ഭാഗികമായി പ്രവർത്തിക്കുന്നു.

ഗേറ്റിന് മുന്നിൽ ജോലിക്കെത്തുന്നവരെ തിരിച്ചയക്കുന്നു. കഞ്ചിക്കോട് കിൻഫ്രയിൽ സിഐടിയു പ്രർത്തകർ തടഞ്ഞതുകൊണ്ട് ജോലിക്ക് കയറാൻ കഴിയുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ BEMLൽ പണിമുടക്ക് നിരോധിച്ചു.

പ്രതിരോധ സ്ഥാപനത്തിൽ പണിമുടക്ക് പാടില്ലെന്ന ഓഡിനൻസിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തൊഴിലാളികൾ കഞ്ചിക്കോട് കമ്പനിക്ക് മുന്നിൽ ധർണ്ണയിരിക്കുകയാണ്.