Wed. Jan 22nd, 2025
കോഴിക്കോട്:

മെഡിക്കൽ കോളേജിൽ അധ്യാപക-വിദ്യാർത്ഥി തർക്കങ്ങൾക്ക് പരിഹാരം കാണാൻ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു. ഡോ രാജേഷ് പുരുഷോത്തമ‍‍െൻറ നേതൃത്വത്തിൽ ഡോ ഗീത ഗോവിന്ദരാജ്, ഡോ അസ്മാബി, ഡോ ജിഷ എന്നിവരുൾപ്പെടുന്ന കമ്മിറ്റിയിൽ വിദ്യാർത്ഥികൾക്ക് അവരുടെ പ്രശ്നങ്ങളെല്ലാം അറിയിക്കാം. ഇതൊരു സ്ഥിരം കമ്മിറ്റിയാണ്.

വിദ്യാർത്ഥികളുടെ കാമ്പസിലെയും ഹോസ്റ്റലിലെയും ക്ലാസുകളിലെയും പ്രശ്നങ്ങൾ കമ്മിറ്റിയിൽ ചർച്ച ചെയ്യും. വിദ്യാർത്ഥികളുടെ പരാതി പഠിച്ചശേഷം അത് പരിഹരിക്കാനാവശ്യമായ നടപടികൾ കമ്മിറ്റി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ ഡോ വി ആർ രാജേന്ദ്രൻ പറഞ്ഞു. മെഡിക്കൽ കോളേജിലെ അധ്യാപക -വിദ്യാർത്ഥി പോരിൻറെ പശ്ചാത്തലത്തിൽ, വിദ്യാർത്ഥികളുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനാണ് കമ്മിറ്റി രൂപവത്കരിച്ചത്.

ഹോസ്റ്റൽ ചീഫ് വാർഡൻ പീഡിപ്പിച്ചുവെന്ന വിദ്യാർത്ഥികളുടെ പരാതിയിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് കമ്മിറ്റി രൂപവത്കരിച്ചത്. വാർഡൻ വിദ്യാർത്ഥികളെ മർദിച്ചെന്നോ ഇല്ലെന്നോ കണ്ടെത്താനായിട്ടില്ലെന്ന റിപ്പോർട്ടിൽ വിദ്യാർത്ഥികളുടെ പരാതി പരിഹരിക്കാനും മറ്റുമായി കമ്മിറ്റി രൂപവത്കരിക്കാനും നിർദേശമുണ്ടായിരുന്നു. അതേസമയം, വാർഡൻമാർ രാജിവെച്ച ഹോസ്റ്റലുകളിൽ പുതിയ വാർഡന്മാരെ നിയമിക്കുന്നതിന് സർക്കുലർ പുറത്തിറക്കിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.

മൂന്നു വർഷം പൂർത്തിയായ വാർഡന്മാരെയെല്ലാം മാറ്റി പുതിയ ആളുകളെ നിയമിക്കുകയാണ്. അതിനുള്ള സർക്കുലറും തയാറാക്കിയിട്ടുണ്ട്. എന്നാൽ, വിദ്യാർഥികൾ നിലവിലുള്ള ഹോസ്റ്റൽ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.

വാർഡൻ മർദ്ദിച്ചുവെന്ന വിദ്യാർത്ഥികളുടെ ആരോപണം റാഗിങ് മറയ്ക്കാനായി കെട്ടിച്ചമച്ചതാണെന്നായിരുന്നു ചീഫ് വാർഡന്‍ പറഞ്ഞത്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ആശുപത്രി വാർഡിലൂടെ പ്രകടനം നടത്തുകയും അതിനെതിരെ ഡോക്ടർമാർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വാർഡൻ പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർത്ഥികളും പൊലീസിനെ സമീപിച്ചു.

അതിനിടെ, റാഗിങ്ങിനും മയക്കുമരുന്നിനുമെതിരെ ശക്തമായ നിലപാടെടുത്തതാണ് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചതെന്ന് ആരോപിച്ച് അഞ്ച് വാർഡന്മാർ രാജിവെക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മിറ്റി രൂപവത്കരിച്ചത്.