Sat. Apr 20th, 2024
ഇടുക്കി:

ഇടുക്കി മൂലമറ്റത്ത് യുവാക്കൾക്ക് നേരെ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്ക്. ബസ് ജീവനക്കാരൻ കീരിത്തോട് സ്വദേശി സനൽ സാബുവാണ് മരിച്ചത്.

സനലിന്‍റെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെ ഗുരുതര പരുക്കുകളോടെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂലമറ്റം ഹൈസ്കൂളിന് സമീപത്തായിരുന്നു വെടിവെപ്പ്. പ്രതി ഫിലിപ്പ് മാർട്ടിൻ പിടിയിലായി.

മൂലമറ്റത്തെ അശോക ജങ്ഷനിലെ തട്ടുകടയിലുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെയായിരുന്നു വെടിവെപ്പ്. ഭക്ഷണത്തെ ചൊല്ലി ഫിലിപ്പ് മാര്‍ട്ടിനും കടയിലുണ്ടായിരുന്നവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഫിലിപ്പ് മാര്‍ട്ടിന്‍ വീട്ടില്‍ പോയി തോക്കുമായി തിരിച്ചുവന്ന് വെടിവെക്കുകയായിരുന്നു.

കടയിലുണ്ടായിരുന്നവര്‍ പെട്ടെന്ന് സ്ഥലത്തു നിന്ന് മാറിയതിനാല്‍ വെടിയേറ്റില്ല. പിന്നാലെ നാട്ടുകാര്‍ ഫിലിപ്പ് മാര്‍ട്ടിനെ പിന്തുടര്‍ന്നു. വീടിനടുത്ത് വെച്ച് ഫിലിപ്പ് മാര്‍ട്ടിനും നാട്ടുകാരും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടായി.

തുടര്‍ന്ന് ഇയാള്‍ വീടിനു സമീപത്തുവെച്ച് വീണ്ടും വെടിയുതിര്‍ത്തു. അപ്പോഴാണ് ആ വഴി പോവുകയായിരുന്ന സനല്‍ ബാബുവിനും സുഹൃത്തിനും വെടിയേറ്റത്. ഇവര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റത്.

ഇവര്‍ ഫിലിപ്പ് മാര്‍ട്ടിനെ പിന്തുടര്‍ന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. ബസ് ജീവനക്കാരനായ സനലിന് ബന്ധുവീട്ടില്‍ നിന്ന് മടങ്ങുമ്പോഴാണ് വെടിയേറ്റത്. ഫിലിപ്പ് മാര്‍ട്ടിനും സനലും തമ്മില്‍ മുന്‍പരിചയമില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

സനലിന് തലയ്ക്കാണ് വെടിയേറ്റത്. ഫിലിപ്പിന് തോക്ക് കൈവശം വെയ്ക്കാന്‍ ലൈസന്‍സുണ്ടായിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.