Fri. Nov 22nd, 2024
കടയ്ക്കൽ:

ബസ് പണിമുടക്കിനെ തുടർന്നു കടയ്ക്കൽ ഗവ എച്ച്എസ്എസിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കി സ്വകാര്യ ബസ്. കഴിഞ്ഞ ദിവസം ജാനകി ബസ് ഓടിയതിനു പിന്നാലെ ഇന്നലെ കാര്യം സ്വദേശി പ്രവീണിന്റെ വക മാധവൻ ബസ് സ്കൂൾ വിദ്യാർഥികൾക്കായി ഓടി. രാവിലെ വിവിധ സ്ഥലങ്ങളിൽ നിന്നു വിദ്യാർത്ഥികളെ കയറ്റി സ്കൂളിൽ എത്തിച്ചു.

സ്കൂളിന് മുന്നിൽ പാർക്ക് ചെയ്ത ബസ് വൈകിട്ട് കുട്ടികളെ തിരികെ എത്തിച്ചു. നേരത്തെയും പണിമുടക്ക് ദിവസം വിദ്യാർത്ഥികൾക്കായി ഈ സ്വകാര്യ ബസുകൾ ഓടിയിട്ടുണ്ട്. സമരത്തെ തുടർന്ന് സർവീസുകൾ മുടങ്ങിയതോടെ സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന മേഖലകളിൽ യാത്രാ ക്ലേശം രൂക്ഷമായി.

കെഎസ്ആർടിസി, സമാന്തര സർവീസുകൾ ഇല്ലാത്ത ഇവിടങ്ങളിൽ സ്വകാര്യ ബസുകളായിരുന്നു ഏക ആശ്രയം. യാത്രക്കാർ സഞ്ചാര മാർഗമില്ലാതെ ബുദ്ധിമുട്ടുകയാണ്. സ്വകാര്യ ബസുകളെ മാത്രം ആശ്രയിച്ചിരുന്ന ആയൂർ – അമ്പലംമുക്ക് – തേവന്നൂർ – വേങ്ങൂർ – മത്തായിമുക്ക് ഭാഗങ്ങളിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഏറെ ബുദ്ധിമുട്ടുകയാണ്.

ഇതുവഴിയുളള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിയിട്ട് നാളുകൾ ഏറെയായി. സ്വകാര്യ ബസുകൾ ഉണ്ടായിരുന്നെങ്കിലും ഇതിൽ പലതും സർവീസുകൾ മുടക്കിയിരുന്നതു നേരത്തെ തന്നെ യാത്ര ക്ലേശത്തിന് ഇടയാക്കിയിരുന്നു.  ഇതിനു പുറമെ സമരം കൂടി ആരംഭിച്ചതോടെ തേവന്നൂർ ഗവ എച്ച്എസ്‌എസിലേക്കു പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു.

സ്കൂൾ സമയങ്ങളിൽ രാവിലെയും വൈകിട്ടും ഇതുവഴി കൊട്ടാരക്കരയ്ക്കും തിരികെ ആയൂരിലേക്കും കെഎസ്ആർടിസി ബസുകളുടെ ഓരോ സർവീസ് വേണമെന്ന പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തിനും നടപടിയില്ല. ഇതുവഴിയുള്ള സർവീസ് പുനരാരംഭിക്കണമെന്നു ആവശ്യപ്പെട്ടു ചടയമംഗലം ഡിപ്പോ അധികൃതർക്ക് നിവേദനം നൽകുമെന്നു കെഎസ്‌യു ജില്ലാ കോ–ഓർഡിനേറ്റർ ലിവിൻ വേങ്ങൂർ പറഞ്ഞു.