Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരത്തിന്റെ രാത്രികാല സൗന്ദര്യം ആസ്വദിക്കാൻ കെഎസ്ആർടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കർ ബസുകൾ വരുന്നു.  അടുത്തമാസം പകുതിയോടെ ബസുകൾ തലസ്ഥാനത്തെ നിരത്തുകൾ കീഴടക്കും. പദ്ധതി ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവേകുമെന്നാണ് പ്രതീക്ഷ.

മ്യൂസിയവും മൃഗശാലയും ഡബിൾ ഡെക്കർ ബസുമൊക്കെയാണ് അനന്തപുരി സമ്മാനിക്കുന്ന മനസിൽ നിന്ന് മായാത്ത അനുഭവങ്ങൾ. ആ ഓർമചെപ്പിൽ സൂക്ഷിക്കാൻ മറ്റൊരു മനോഹര കാഴ്ച അനുഭവമൊരുക്കുകയാണ് ഓപ്പൺ ഡബിൾ ഡെക്കർ ബസിലൂടെ കെഎസ്ആർടിസിയുടെ ലക്ഷ്യം. സന്ധ്യയോടെ ഓടിത്തുടങ്ങുന്നതിനാൽ തുടങ്ങുന്നതിനാൽ നൈറ്റ് റൈഡേഴ്സ് എന്നാണ് സർവീസിന്റെ പേര്.

വിദേശരാജ്യങ്ങളിലും മുംബൈ, കൊൽക്കത്ത നഗരങ്ങളിലുമൊക്കെയാണ് ഓപ്പൺ ഡബിൾഡെക്കർ ബസുകളുള്ളത്. മഴ നനഞ്ഞാലും കേടാത്ത സീറ്റുകളാണ് സ്ഥാപിക്കുന്നത്. മഴക്കാലമാകുന്നതോടെ സുത്യാരമായ മേൽക്കൂര സ്ഥാപിക്കും.

ആവശ്യക്കാരുണ്ടെങ്കിൽ രാത്രി 12മണിക്ക് ശേഷവും സർവീസ് നടത്തുന്ന കാര്യവും ആലോചനയിലുണ്ട്. നഗരം ചുറ്റി കോവളം ബീച്ചിലൂടെ നഗരത്തിൽ തിരിച്ചെത്തുന്ന ബസിൽ ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ്. ലഘുഭക്ഷണവും പാനീയവും നൽകും.

അവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും. തിരുവനന്തപുരത്താണ് ഓപ്പൺ ഡബിൾ ഡെക്കർ സർവീസ് തുടങ്ങുന്നതെങ്കിലും മറ്റ് നഗരക്കാർ വിഷമിക്കണ്ട. വൈകാതെ കൊച്ചി, കോഴിക്കോട്, പാലക്കാട് നഗരനിരത്തുകളിൽ നൈറ്റ് റൈഡേഴ്സ് ഇറങ്ങും.