Sun. Jan 19th, 2025
കൽപറ്റ:

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങിൽ വാഹനങ്ങളുമായി നടത്തിയ അഭ്യാസങ്ങൾക്ക് സമാനമായി വയനാട്ടിലും വിദ്യാർത്ഥികളുടെ ‘കാർ റേസിങ്’. കണിയാമ്പറ്റ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങിലെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാറിലും ബൈക്കിലുമായി സ്കൂൾ ഗ്രൗണ്ടിൽ പൊടിപാറിച്ച് നടത്തിയ അഭ്യാസ പ്രകടനങ്ങൾ വിദ്യാർത്ഥികൾ തന്നെയാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

അപകടകരമായ രീതിയിൽ വണ്ടിയോടിച്ച രണ്ടു വിദ്യാർത്ഥികൾക്കെതിരെ കമ്പളക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. അധ്യാപകരുടെയും പൊലീസിന്റെയും മുന്നറിയിപ്പും എതിർപ്പുകളും ഗൗനിക്കാതെയായിരുന്നു അഭ്യാസങ്ങൾ. യാത്രയയപ്പു ചടങ്ങിൽ വിദ്യാർത്ഥികൾ അതിരുവിടാൻ സാധ്യതയുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ തങ്ങളെ അറിയിച്ചിരുന്നതായി കമ്പളക്കാട് പൊലീസ് അധികൃതർ പറഞ്ഞു. തുടർന്ന് സ്കൂളിൽ പൊലീസിന്റെ നിരീക്ഷണവുമുണ്ടായിരുന്നു.

ഇതെല്ലാം അവഗണിച്ച് വിദ്യാർത്ഥികൾ ഗേറ്റ് തുറന്ന് വാഹനങ്ങൾ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലുള്ളത്. അമിതവേഗതയിൽ വാഹനമോടിക്കൽ, അശ്രദ്ധമായി മനുഷ്യജീവൻ അപകടപ്പെടുത്തുന്ന രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചാർത്തിയാണ് കേസെടുത്തത്.

ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ അഭ്യാസപ്രകടനം നടത്തി വാഹനം അപകടത്തിൽപെടുത്തിയ മൂന്നുപേരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. കാർ റേസിങ് നടത്തിയതിന് നാലായിരം രൂപ വീതം പിഴയും ഈടാക്കിയിരുന്നു. നടക്കാവ് പൊലീസ് ഇവർക്കെതിരെ കേസും എടുത്തിട്ടുണ്ട്.

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികൾ കോഴ്സ് തീർന്നുപോകുന്നതിന്റെ ഭാഗമായി ഒത്തുചേരലുകളും ആഘോഷങ്ങളും നടത്തുന്നത് പരിധി വിട്ടാൽ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയ അന്നാണ് കണിയാമ്പറ്റയിൽ കുട്ടികൾ ‘ആഘോഷം’ നടത്തിയത്. വിദ്യാർത്ഥികൾ വാഹനങ്ങളുമായി സ്കൂൾ കാമ്പസിൽ പ്രവേശിക്കുന്നത് സ്കൂൾ മേലധികാരികൾ കർശനമായി തടയേണ്ടതാണെന്നും ഉത്തരവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളുണ്ടായാൽ സ്കൂൾ മേലധികാരികൾക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.