Mon. Dec 23rd, 2024
കളമശേരി:

കുസാറ്റ് യുവജനക്ഷേമവകുപ്പ് സംഘടിപ്പിക്കുന്ന മോഡല്‍ യുണൈറ്റഡ് നേഷന്‍സ് (എംയുഎന്‍ -22) സഭ വ്യാഴം രാവിലെ 10ന് വൈസ് ചാൻസലർ ഡോ കെ എൻ മധുസൂദനൻ ഉദ്ഘാടനം ചെയ്യും. ഐക്യരാഷ്ട്രസഭ എച്ച്സിആർ കമ്യൂണിക്കേഷന്‍സ് അസോസിയറ്റ് ഡാനിയല്‍ ജിന്‍സിയന്‍മങ്‌ സംസാരിക്കും. എംയുഎന്നില്‍ പങ്കെടുക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 15 വിദ്യാര്‍ഥികള്‍ക്ക് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെലോഷിപ് നല്‍കുമെന്ന്‌ യുവജനക്ഷേമ ഡയറക്ടർ ഡോ പി കെ ബേബി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇത്തവണ എംയുഎൻ ഐക്യരാഷ്ട്രസഭ അഭയാർഥി ചലഞ്ചിന്റെ ഭാഗമാകും. വെള്ളിമുതൽ മൂന്ന് ദിവസമാണ് പരിപാടി. ഐക്യരാഷ്ട്രസഭയുടെ ആറ് മാതൃകാ കമ്മിറ്റികള്‍ നടക്കും.

വിവിധ രാജ്യങ്ങളെ പ്രതിനിധാനം ചെയ്‌ത്‌ വിദ്യാര്‍ത്ഥികള്‍ മാനവികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ചര്‍ച്ചകളും സംവാദങ്ങളും നടത്തും.  കമ്മിറ്റികളില്‍ തയ്യാറാക്കിയ കരട് പ്രമേയങ്ങള്‍ യുഎന്നിന്റെ അഭയാർഥികൾക്കായുള്ള ഹൈക്കമീഷണറേറ്റി (എച്ച്‌സിആർ)ലേക്ക് അയക്കുകയും മികച്ചത് യുഎന്‍ എച്ച്‌സിആറിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.

സഭ പകര്‍ത്താന്‍ ഇന്റര്‍നാഷണല്‍ പ്രസ് ഡെലിഗേഷന്‍ പ്രവർത്തിക്കും. എംയുഎന്‍- 22ല്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഫോൺ: 81119 39835, 79071 42101.വാർത്താസമ്മേളനത്തിൽ എംയുഎൻ സെക്രട്ടറി ജനറൽ മുകുന്ദ് രാജേഷ്, ഡയറക്ടർ ജനറൽ ജെറി പീറ്റർ, കുസാറ്റ് പിആർഒ വന്ദന അഭിലാഷ് എന്നിവർ പങ്കെടുത്തു.