Mon. May 6th, 2024
പെരുമ്പിലാവ്:

35 ജീവനക്കാർ ജോലി ചെയ്യുന്ന കെഎസ്ഇബി പെരുമ്പിലാവ് സെക്‌ഷൻ ഓഫിസ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി ആയില്ല. ഇടുങ്ങിയ 3 മുറികളും സൗകര്യങ്ങളില്ലാത്ത 2 ശുചിമുറിയും ആണു കെട്ടിടത്തിലുള്ളത്. മേൽക്കൂരയുടെ ചോർച്ച തടയാൻ ടാർപോളിൻ കെട്ടിയിട്ടുണ്ട്.

ഷീറ്റിന്റെ കീഴിൽ മേശയും കസേരയും ഇട്ടാണു പല ജോലികളും നടത്തുന്നത്. യന്ത്ര സാമഗ്രികൾ അടക്കം 5 ടണ്ണോളം ഉപകരണങ്ങൾ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. കടവല്ലൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.

നിർമാണം നടന്നു കൊണ്ടിരിക്കുന്ന പുതിയ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൂർത്തിയായാൽ കെഎസ്ഇബി ഓഫിസ് കെട്ടിടം പുതുക്കി നിർമിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനു വർഷങ്ങൾ എടുക്കും. അതുവരെ താൽക്കാലികമായി വാടക കെട്ടിടത്തിലേക്കു ഓഫിസ് മാറ്റാൻ കെഎസ്ഇബിയുടെ ഉന്നതതലത്തിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്.

പെരുമ്പിലാവ് സെന്ററിലെ ഒരു കെട്ടിടത്തിലേക്കു മാറ്റാനുള്ള ആദ്യ നടപടികൾ പൂർത്തിയായെങ്കിലും കെട്ടിട ഉടമ വാക്കു മാറ്റിയതിനാൽ നടന്നില്ല. സാധനങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന കെട്ടിടം കണ്ടെത്തുക എന്നത് ഉദ്യോഗസ്ഥർക്കു തലവേദനയാണ്. മറ്റൊരു കെട്ടിടത്തിനു വേണ്ടി അന്വേഷണം നടത്തുന്നുണ്ടെന്നു കെഎസ്ഇബി അസി. എൻജിനീയർ പറഞ്ഞു.