Sun. Dec 22nd, 2024
പാലക്കാട് :

പന്നിയങ്കര ടോൾ ഗേറ്റിലെ സമരം അവസാനിച്ചു. തദ്ദേശവാസികളിൽ നിന്ന് തൽക്കാലം ടോൾ പിരിക്കില്ലെന്ന കരാർ കമ്പനി ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പ്രദേശവാസികൾക്ക് നൽകിയ സൗജന്യ യാത്ര നിർത്തലാക്കിയ കരാർ കമ്പനി പന്നിയങ്കരയിൽ ഇന്ന് മുതൽ എല്ലാവരും ടോൾ നൽകണമെന്ന നിലപാടിലായിരുന്നു.

അന്തിമ തീരുമാനമാകുന്നതിന് മുമ്പ് പന്നിയങ്കരയിൽ ടോൾ പിരിക്കാൻ കരാർ കമ്പനി തീരുമാനിച്ചതോടെയാണ് പ്രതിഷേധത്തിനിടയാക്കിയത്. രമ്യ ഹരിദാസ് എംപി, പിപി സുമോദ് എം എൽ എ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബസ് ഉടമ സംഘടനാ പ്രതിനിധികൾ എന്നിവർ ഇന്നലെ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നെങ്കിലും പ്രദേശവാസികൾ ടോൾ നൽകുന്നതുമായി ബന്ധപ്പെട്ട് തീരുമാനമായിരുന്നില്ല. 2 ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് ടോൾ കമ്പനി അധികൃതർ അറിയിച്ചിരുന്നതെങ്കിലും ഇന്ന് മുതൽ ടോൾ പിരിക്കാൻ തീരുമാനിക്കുകയായിരുന്നു.

സ്വകാര്യ ബസുകൾക്കും ടിപ്പർ ലോറികൾക്കും ഇളവ് നൽകില്ലെന്ന നിലപാടിലായിരുന്നു കരാർ കമ്പനി. ടിപ്പർ ലോറികളും ടോൾ പ്ലാസയിൽ നിർത്തിയിട്ട് പ്രതിഷേധിച്ചു. ഒരു തവണ കടന്നു പോകുന്നതിന് 650 രൂപ നൽകാനാവില്ലെന്ന നിലപാടിലാണ് ഉടമകൾ.

വലിയ പ്രതിഷേധം കണക്കിലെടുത്ത് ടോൾ പ്ലാസയ്ക്ക് സമീപം കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 9ാം തിയതി മുതലാണ് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങിയത്.