Tue. Jan 14th, 2025
കാബൂൾ:

അഫ്ഗാനിസ്താനിൽ പെൺകുട്ടികളുടെ ഹൈസ്കൂൾ അടച്ച് താലിബാൻ സർക്കാർ. ഏഴു മാസത്തെ ഇടവേളക്കു ശേഷം പെൺകുട്ടികളുടെ സ്കൂൾ തുറന്ന് മണിക്കൂറുകൾക്കു ശേഷമാണ് താലിബാൻ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. പുതിയ ഉത്തരവ് വരുന്നതു വരെ സിക്സ്ത് ഗ്രേഡിനു മുകളിലുള്ള ക്ലാസുകളിൽ പെൺകുട്ടികൾ വരേണ്ടതില്ലെന്നാണ് താലിബാന്റെ അറിയിപ്പ്.

റിപ്പോർട്ടുകൾ താലിബാൻ വക്താവ് ഇനാമുല്ല സമാഗനി സ്ഥിരീകരിച്ചു. ഇതിന്റെ കാരണമെന്താണെന്ന് താലിബാൻ സർക്കാർ അറിയിച്ചിട്ടില്ല. സ്കൂളുകളിലേക്ക് മടങ്ങിയെത്താൻ കാത്തിരുന്ന പെൺകുട്ടികൾക്ക് നിരാശ സമ്മാനിച്ച ദിനമാണിതെന്ന് അഫ്ഗാനിസ്താനിലെ രാഷ്ട്രീയ പ്രവർത്തകയും മാധ്യമപ്രവർത്തകയുമായ ശുക്രിയ ബറക്സായ് പ്രതികരിച്ചു.

താലിബാൻ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിൽ നിന്ന് അഭയാർഥി പ്രവാഹമുണ്ടായതിനാൽ, അധ്യാപകരുടെ ക്ഷാമം നേരിടുന്നതായും റിപ്പോർട്ടുണ്ട്. പെൺകുട്ടികളുടേതടക്കം, ബുധനാഴ്ച എല്ലാ സ്കൂളുകളും തുറന്നുപ്രവർത്തിക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് താലിബാൻ പ്രഖ്യാപിച്ചത്. പിന്നാലെയാണ് സ്കൂൾ അടച്ചതായ റിപ്പോർട്ടുകൾ വന്നത്.