Fri. Nov 22nd, 2024
പാലക്കാട്:

പാലക്കാടൻ വേനൽ ചൂടിൽ വിയർത്തു കുളിച്ചു നിൽക്കുമ്പോൾ തണുത്ത സോഡാ നാരങ്ങാവെള്ളമോ കരിക്കോ ആഗ്രഹിക്കാത്തവരുണ്ടാവുമോ? പൊള്ളുന്ന ചൂടിനെ തണുപ്പിക്കാൻ ശീതളപാനീയ വിപണി സജീവമാകുന്നതിനിടെ പതിയെ ആശങ്കകളും തലപൊക്കുകയാണ്. കരിക്കും പന നൊങ്കും കരിമ്പിൻ ജ്യൂസും തണ്ണിമത്തനുമെല്ലാം അരങ്ങുവാണിടങ്ങളിൽ നിറത്തിലും മണത്തിലും രുചിയിലുമെല്ലാം തികച്ചും ന്യൂജനായ പാനീയങ്ങളും കാണാം.

നഗര, ഗ്രാമ വ്യത്യാസമില്ലാതെ പാതയോരങ്ങളിൽ ശീതളപാനീയക്കച്ചവടം പൊടിപൊടിക്കുമ്പോൾ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്‍റേതടക്കം പരിശോധനകൾ പ്രഹസനമാകുകയാണെന്ന് പരാതിയും ശക്തമാണ്. ഉത്സവകാലം കൂടിയായതോടെ ശീതളപാനീയങ്ങൾ, ഉപ്പിലിട്ട ഭക്ഷണ പദാർഥങ്ങൾ എന്നിവയിലൊക്കെ ശരീരത്തിന് ഹാനികരമായ വസ്തുക്കൾ ചേർത്താണ് മിക്കയിടത്തും കച്ചവടം സജീവമാകുന്നത്.

ശീതള പാനീയങ്ങളിൽ തണുപ്പിക്കാൻ ചേർക്കുന്ന ഐസ്, രുചികൾക്കായി ചേർക്കുന്ന എസ്സൻസുകൾ, ഉപ്പിലിട്ട വസ്തുക്കളിൽ ചേർക്കുന്ന ആസിഡുകൾ എന്നിങ്ങനെ കണ്ടറിഞ്ഞാൽ കണ്ണുതള്ളുന്ന സത്യങ്ങൾ കണ്ണടച്ച് കാശാകുന്ന കാലമാണ് വേനൽക്കാലം.