Mon. May 6th, 2024
ലണ്ടൻ:

ജ്വല്ലറികളിൽ പുതിയ പുതിയ നിരവധി ട്രെൻഡുകൾ വരാറുണ്ട്. ചിലത് കാണാൻ പുതുമയുള്ളതാണ് എങ്കിൽ ചിലത് അത് എന്തുകൊണ്ട്, എങ്ങനെ നിർമ്മിച്ചിരിക്കുന്നു എന്നതിലാവും ശ്രദ്ധിക്കപ്പെടുക. ഇവിടെ ഒരു കമ്പനി ഇതുപോലെ ആഭരണങ്ങൾ നിർമ്മിക്കുന്നത് മുലപ്പാൽ ഉപയോ​ഗിച്ചാണ്. ഒരുപാട് പേരാണ് ഈ മുലപ്പാലടങ്ങിയ ആഭരണങ്ങൾക്ക് ആവശ്യക്കാരായി എത്തുന്നത്.

ലണ്ടനിലെ ബെക്സ്ലിയിൽ നിന്നുള്ള സഫിയയും ആദം റിയാദും ചേർന്ന് ‘മജന്ത ഫ്‌ളവേഴ്‌സ്’ എന്ന പേരിൽ അവാർഡ് നേടിയ ഒരു കമ്പനി നടത്തുന്നു. ഇത് പ്രത്യേക അവസരങ്ങളിലുപയോ​ഗിച്ചിരുന്ന പൂക്കൾ ആളുകൾക്ക് സൂക്ഷിക്കാവുന്ന തരത്തിൽ നിർമ്മിച്ച് നൽകുന്ന കമ്പനി ആയിരുന്നു.

2019 -ൽ പ്രവർത്തനം ആരംഭിച്ചതുമുതൽ, മജന്ത ഫ്‌ളവേഴ്‌സ് 4,000 -ത്തിലധികം ഓർഡറുകൾ നൽകിയിരുന്നു. എന്നാൽ, പിന്നീടാണ് മുലപ്പാൽ കൂടി ഉപയോ​ഗിച്ചുള്ള ആഭരണങ്ങൾ നിർമ്മിക്കുന്നതിലേക്ക് കമ്പനി കടക്കുന്നത്. ഇതോടെ കമ്പനി കൂടുതൽ ലാഭത്തിലേക്ക് കുതിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. 2023 -ൽ 1.5 മില്യൺ പൗണ്ട് (15 കോടി രൂപ) വിറ്റുവരവ് പ്രതീക്ഷിക്കുന്നതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.

മുലപ്പാലടങ്ങിയ ആഭരണങ്ങൾക്ക് ആവശ്യക്കാർ നിരന്തരം ഏറിവരികയാണ്. ആ അവസരം പ്രയോജനപ്പെടുത്തുക തന്നെയാണ് മജന്ത ഫ്ലവേഴ്സും. ലോകമെമ്പാടുമുള്ള അമ്മമാർ തങ്ങളുടെ മുലയൂട്ടൽ യാത്രയുടെ ഓർമ്മയ്ക്കായി മുലപ്പാലിൽ നിന്നും നിർമ്മിച്ച ആ ആഭരണങ്ങൾ സൂക്ഷിക്കാനാ​ഗ്രഹിക്കുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് സഫിയ.

അതിനാൽ തന്നെ മുലയൂട്ടുന്ന കാലത്തെ പ്രയാസങ്ങൾ എത്രത്തോളമുണ്ട് എന്നത് അവൾക്ക് വ്യക്തമായി അറിയാം. ആ സമയത്തെ യാത്ര ഏതെങ്കിലും തരത്തിൽ അടയാളപ്പെടുത്തി വയ്ക്കണം എന്നത് ഏതൊരമ്മയുടേയും ആ​ഗ്രഹമായിരിക്കും എന്നും സഫിയക്ക് തോന്നി.

‘മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തിൽ ഒരുപാട് ആശങ്കകളും മറ്റും നിലനിൽക്കുന്നുണ്ട്. എന്നെ സംബന്ധിച്ച് അതിലൊന്ന് പൊതുസ്ഥലത്ത് മുലയൂട്ടലാണ്’ സഫിയ പറയുന്നു. ‘ഒപ്പം മുലയൂട്ടൽ അമ്മമാർക്കും അവരുടെ കുഞ്ഞുങ്ങൾക്കുമിടയിൽ ഒരു വൈകാരികമായ ബന്ധമുണ്ടാക്കിയെടുക്കുന്ന ഒന്നാണ്. ഒപ്പം ആ പ്രിയങ്കരമായ ബന്ധം അവർ ആഘോഷിക്കുകയും ചെയ്യുന്നു’ അവർ കൂട്ടിച്ചേർത്തു.

എങ്ങനെ മുലപ്പാൽ അണിയാനാവുന്ന ഒരു ആഭരണമാക്കി മാറ്റാം എന്നതിനെ ചൊല്ലി മജന്ത ഫ്ലവേഴ്സ് ആഴത്തിലുള്ള ​ഗവേഷണം തന്നെ നടത്തി. മുലപ്പാൽ ആഭരണങ്ങളിലും അതിന്റെ നിറം നിലനിർത്തുന്നു. പിന്നീട്, അതിന് ആവശ്യമുള്ള സാങ്കേതികമായ പ്രക്രിയകളിലേക്ക് സഫിയ ഇറങ്ങി. അതിനായി, ആഭരണങ്ങൾ വർഷങ്ങളോളം മോശം വരാതെ നിൽക്കാനുള്ള തരത്തിൽ ​ഗുണനിലവാരം ഉറപ്പിക്കേണ്ടതുണ്ടായിരുന്നു. അതിനുള്ള പ്രവർത്തനങ്ങളും നടത്തി.

“ഞങ്ങളുടെ പല ഉപഭോക്താക്കൾക്കും തങ്ങളുടെ മുലയൂട്ടൽ യാത്ര അവസാനിച്ചതിൽ പലപ്പോഴും സങ്കടമുണ്ട്, അതിനാൽ മുലയൂട്ടൽ അനുഭവത്തിന്റെ മനോഹരവും അതേസമയം വെല്ലുവിളി നിറഞ്ഞതുമായ ഭാഗങ്ങൾ ഓർക്കാനും അത് ആഘോഷിക്കാനുമുള്ള ഒരു മാർഗമാണ് ഈ ആഭരണങ്ങൾ. ഇത് അമ്മമാരെ അവരുടെ യാത്ര അഭിമാനത്തോടെ പ്രദർശിപ്പിക്കാൻ അനുവദിക്കുന്നു” സഫിയ വിശദീകരിച്ചു.

കൈകൊണ്ട് നിർമ്മിച്ച മുലപ്പാൽ നെക്ലേസുകൾ, കമ്മലുകൾ, ചാംസ്, മോതിരങ്ങൾ എന്നിവ മജന്ത ഫ്ലവേഴ്സ് നിർമ്മിച്ച് നൽകുന്നുണ്ട്.