Wed. Jan 22nd, 2025
ന്യൂഡൽഹി:

കെ റെയിലിനെതിരായി വിജയ് ചൗക്കില്‍ പ്രതിഷേധിച്ച യുഡിഎഫ് എംപി രമ്യാ ഹരിദാസിന് നേരെയും ഡല്‍ഹി പൊലീസിന്റെ കയ്യേറ്റം. പ്രതിഷേധത്തിനിടെ പുരുഷ പൊലീസുകാര്‍ തന്നെ കയ്യേറ്റം ചെയ്‌തെന്ന് രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ത്രീയെന്ന പരിഗണന തനിക്കില്ലേ എന്നും എംപി ചോദിച്ചു.

പാര്‍ലമെന്റ് മെമ്പര്‍ എന്ന നിലയില്‍ സഭാ സമ്മേളനത്തിന് എത്തിയ എംപിമാരെ തടയാന്‍ എങ്ങനെ പൊലീസിന് ധൈര്യംവന്നുവെന്നും രമ്യാ ഹരിദാസ് ചോദിച്ചു. എംപിമാര്‍ക്ക് നടക്കാനുള്ള സ്വാതന്ത്ര്യമില്ലെന്നത് വിചിത്ര സംഭവമാണെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. രാജ്യചരിത്രത്തില്‍ പോലും ഇതുപോലൊരു നടപടി കണ്ടിട്ടില്ല . ദേശവ്യാപകമായി പ്രതിഷേധിക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇതാണ് പൊലീസ് തടഞ്ഞത്. പൊലീസ് പ്രതിരോധം മറികടന്ന് മുന്നേറിയ ഹൈബി ഈഡന്‍ എംപിയുടെ മുഖത്തടിച്ചു.

കൂടാതെ ടി എൻ പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയും പൊലീസും കൈയേറ്റം ചെയ്തു. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്ന പശ്ചാത്തലത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനായിരുന്നു യുഡിഎഫ് എംപിമാര്‍ പദ്ധതിയിട്ടിരുന്നത്. പൊലീസിന്റെ നടപടിക്കെതിരെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലക്ക് യുഡിഎഫ് എംപിമാര്‍ പരാതി നല്‍കി. എംപിമാരോട് ചേംബറില്‍ വന്ന് തന്നെ കാണാന്‍ സ്പീക്കര്‍ അറിയിച്ചു. ഉണ്ടായ സംഭവങ്ങളെ കുറിച്ച് വിശദാംശങ്ങള്‍ എഴുതിനല്‍കാനും സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.