Wed. Jan 22nd, 2025
കാട്ടാക്കട:

അഗസ്ത്യവനത്തിലെ വാലിപ്പാറയിൽ ആദിവാസി വിദ്യാർഥികൾക്കായുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പണി ആരംഭിച്ചശേഷം മറ്റൊരിടത്തേക്ക് മാറ്റാൻ പഞ്ചായത്ത് അധികൃതര്‍ ഒത്താശ ചെയ്യുന്നതായി ആരോപിച്ച് ആദിവാസികൾ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ ‘കരിങ്കൊടി സമരം’ നടത്തി. നൂറിലേറെ ആദിവാസികൾ പങ്കെടുത്ത പഞ്ചായത്തോഫിസിന് മുന്നിലെ സമരം പഞ്ചായത്തംഗം രശ്മി ഉദ്‌ഘാടനം ചെയ്തു. സുരേഷ് മിത്ര അധ്യക്ഷനായി.

യുഡിഎഫ് സർക്കാറിന്റെ കാലത്താണ് സ്‌കൂൾ അനുവദിച്ചത്. തുടർന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ പട്ടിക വർഗ വകുപ്പിന് സ്‌കൂളിനായി സ്ഥലവും, കെട്ടിടങ്ങൾ പണിയാൻ 27.30 കോടി രൂപ അനുവദിക്കുകയും ചെയ്തു. തുടർന്ന് ജോലികൾ ടെൻഡർ ചെയ്യുകയും സ്‌കൂളിനായി അനുവദിച്ച വനഭൂമിയിലെ മരങ്ങൾ 2018ൽ മുറിക്കുകയും ചെയ്തിരുന്നു.

കൺസ്ട്രക്ഷൻ കോർപറേഷനാണ് കരാർ എടുത്തത്. ഇതിനിടെ സ്‌കൂൾ നിർമാണം തടസ്സപ്പെടുകയും മറ്റൊരിടത്തേക്ക് മാറ്റിക്കൊണ്ടുപോകാൻ ശ്രമം തുടങ്ങുകയും ചെയ്തു.
ഇതിനനുകൂലമായി ഫെബ്രുവരി 10ന് പഞ്ചായത്ത് തീരുമാനം എടുത്തതായി സമരക്കാർ ആരോപിക്കുന്നു.

അഗസ്ത്യവനത്തിലെ ആദിവാസികളുടെ ഉന്നമനം സാധ്യമാക്കുന്ന സ്‌കൂൾ തീരുമാനിച്ച സ്ഥലത്തുതന്നെ പൂർത്തിയാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. പഞ്ചായത്തംഗം ശ്രീദേവി, കോട്ടൂർ സന്തോഷ്, കുറ്റിച്ചൽ ഷാജി തുടങ്ങിയവർ സംസാരിച്ചു.