ലണ്ടൻ:
ജ്വല്ലറികളിൽ പുതിയ പുതിയ നിരവധി ട്രെൻഡുകൾ വരാറുണ്ട്. ചിലത് കാണാൻ പുതുമയുള്ളതാണ് എങ്കിൽ ചിലത് അത് എന്തുകൊണ്ട്, എങ്ങനെ നിർമ്മിച്ചിരിക്കുന്നു എന്നതിലാവും ശ്രദ്ധിക്കപ്പെടുക. ഇവിടെ ഒരു കമ്പനി ഇതുപോലെ ആഭരണങ്ങൾ നിർമ്മിക്കുന്നത് മുലപ്പാൽ ഉപയോഗിച്ചാണ്. ഒരുപാട് പേരാണ് ഈ മുലപ്പാലടങ്ങിയ ആഭരണങ്ങൾക്ക് ആവശ്യക്കാരായി എത്തുന്നത്.
ലണ്ടനിലെ ബെക്സ്ലിയിൽ നിന്നുള്ള സഫിയയും ആദം റിയാദും ചേർന്ന് ‘മജന്ത ഫ്‌ളവേഴ്‌സ്’ എന്ന പേരിൽ അവാർഡ് നേടിയ ഒരു കമ്പനി നടത്തുന്നു. ഇത് പ്രത്യേക അവസരങ്ങളിലുപയോഗിച്ചിരുന്ന പൂക്കൾ ആളുകൾക്ക് സൂക്ഷിക്കാവുന്ന തരത്തിൽ നിർമ്മിച്ച് നൽകുന്ന കമ്പനി ആയിരുന്നു.
2019 -ൽ പ്രവർത്തനം ആരംഭിച്ചതുമുതൽ, മജന്ത ഫ്‌ളവേഴ്‌സ് 4,000 -ത്തിലധികം ഓർഡറുകൾ നൽകിയിരുന്നു. എന്നാൽ, പിന്നീടാണ് മുലപ്പാൽ കൂടി ഉപയോഗിച്ചുള്ള ആഭരണങ്ങൾ നിർമ്മിക്കുന്നതിലേക്ക് കമ്പനി കടക്കുന്നത്. ഇതോടെ കമ്പനി കൂടുതൽ ലാഭത്തിലേക്ക് കുതിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. 2023 -ൽ 1.5 മില്യൺ പൗണ്ട് (15 കോടി രൂപ) വിറ്റുവരവ് പ്രതീക്ഷിക്കുന്നതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
മുലപ്പാലടങ്ങിയ ആഭരണങ്ങൾക്ക് ആവശ്യക്കാർ നിരന്തരം ഏറിവരികയാണ്. ആ അവസരം പ്രയോജനപ്പെടുത്തുക തന്നെയാണ് മജന്ത ഫ്ലവേഴ്സും. ലോകമെമ്പാടുമുള്ള അമ്മമാർ തങ്ങളുടെ മുലയൂട്ടൽ യാത്രയുടെ ഓർമ്മയ്ക്കായി മുലപ്പാലിൽ നിന്നും നിർമ്മിച്ച ആ ആഭരണങ്ങൾ സൂക്ഷിക്കാനാഗ്രഹിക്കുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് സഫിയ.
അതിനാൽ തന്നെ മുലയൂട്ടുന്ന കാലത്തെ പ്രയാസങ്ങൾ എത്രത്തോളമുണ്ട് എന്നത് അവൾക്ക് വ്യക്തമായി അറിയാം. ആ സമയത്തെ യാത്ര ഏതെങ്കിലും തരത്തിൽ അടയാളപ്പെടുത്തി വയ്ക്കണം എന്നത് ഏതൊരമ്മയുടേയും ആഗ്രഹമായിരിക്കും എന്നും സഫിയക്ക് തോന്നി.
‘മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തിൽ ഒരുപാട് ആശങ്കകളും മറ്റും നിലനിൽക്കുന്നുണ്ട്. എന്നെ സംബന്ധിച്ച് അതിലൊന്ന് പൊതുസ്ഥലത്ത് മുലയൂട്ടലാണ്’ സഫിയ പറയുന്നു. ‘ഒപ്പം മുലയൂട്ടൽ അമ്മമാർക്കും അവരുടെ കുഞ്ഞുങ്ങൾക്കുമിടയിൽ ഒരു വൈകാരികമായ ബന്ധമുണ്ടാക്കിയെടുക്കുന്ന ഒന്നാണ്. ഒപ്പം ആ പ്രിയങ്കരമായ ബന്ധം അവർ ആഘോഷിക്കുകയും ചെയ്യുന്നു’ അവർ കൂട്ടിച്ചേർത്തു.
എങ്ങനെ മുലപ്പാൽ അണിയാനാവുന്ന ഒരു ആഭരണമാക്കി മാറ്റാം എന്നതിനെ ചൊല്ലി മജന്ത ഫ്ലവേഴ്സ് ആഴത്തിലുള്ള ഗവേഷണം തന്നെ നടത്തി. മുലപ്പാൽ ആഭരണങ്ങളിലും അതിന്റെ നിറം നിലനിർത്തുന്നു. പിന്നീട്, അതിന് ആവശ്യമുള്ള സാങ്കേതികമായ പ്രക്രിയകളിലേക്ക് സഫിയ ഇറങ്ങി. അതിനായി, ആഭരണങ്ങൾ വർഷങ്ങളോളം മോശം വരാതെ നിൽക്കാനുള്ള തരത്തിൽ ഗുണനിലവാരം ഉറപ്പിക്കേണ്ടതുണ്ടായിരുന്നു. അതിനുള്ള പ്രവർത്തനങ്ങളും നടത്തി.
“ഞങ്ങളുടെ പല ഉപഭോക്താക്കൾക്കും തങ്ങളുടെ മുലയൂട്ടൽ യാത്ര അവസാനിച്ചതിൽ പലപ്പോഴും സങ്കടമുണ്ട്, അതിനാൽ മുലയൂട്ടൽ അനുഭവത്തിന്റെ മനോഹരവും അതേസമയം വെല്ലുവിളി നിറഞ്ഞതുമായ ഭാഗങ്ങൾ ഓർക്കാനും അത് ആഘോഷിക്കാനുമുള്ള ഒരു മാർഗമാണ് ഈ ആഭരണങ്ങൾ. ഇത് അമ്മമാരെ അവരുടെ യാത്ര അഭിമാനത്തോടെ പ്രദർശിപ്പിക്കാൻ അനുവദിക്കുന്നു” സഫിയ വിശദീകരിച്ചു.
കൈകൊണ്ട് നിർമ്മിച്ച മുലപ്പാൽ നെക്ലേസുകൾ, കമ്മലുകൾ, ചാംസ്, മോതിരങ്ങൾ എന്നിവ മജന്ത ഫ്ലവേഴ്സ് നിർമ്മിച്ച് നൽകുന്നുണ്ട്.