Mon. Dec 23rd, 2024
ദില്ലി:

ദില്ലിയിൽ കെ റെയിൽ പ്രതിഷേധത്തിനിടെ കേരളത്തിലെ എംപിമാർക്കെതിരെ ദില്ലി പൊലീസിന്‍റെ കയ്യേറ്റം. പാർലമെന്‍റ് മാർച്ച് നടത്തിയ എംപിമാരെ ദില്ലി പൊലീസ് കായികമായി നേരിട്ടു. ഹൈബി ഈഡൻ അടക്കമുള്ള എംപിമാർക്ക് മർദ്ദനമേറ്റു.

ദില്ലി പൊലീസ് ഉദ്യോഗസ്ഥൻ ഹൈബിയുടെ മുഖത്തടിച്ചു. ടിഎൻ പ്രതാപനെ പൊലീസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി. കെ മുരളീധരൻ എംപിയെയും പൊലീസ് പിടിച്ചു തള്ളി.

എംപിമാർ വിജയ് ചൗക്ക് ഭാഗത്ത് പ്രതിഷേധം നടത്തുന്നത് സർവ്വസാധാരണമാണ്. കേരളത്തിലെ എംപിമാർ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ദില്ലി പൊലീസ് അതിക്രമം ഉണ്ടായത്. രമ്യ ഹരിദാസ് എംപിയെ ദില്ലി പൊലീസിലെ പുരുഷൻമാർ മ‍ർദ്ദിച്ചുവെന്നാണ് പരാതി. വനിതാ പൊലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല.

കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നൽകിയിരുന്നു. പ്രതിഷേധത്തിന് ശേഷം പാ‍ലമെന്റിലേക്ക് പോകാനിരുന്ന എംപിമാ‌ർക്ക് നേരെയാണ് ദില്ലി പൊലീസിന്റെ അതിക്രമം നടന്നത്.