Mon. Dec 23rd, 2024
വളാഞ്ചേരി:

കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് അവരുടെ കളിക്കൂട്ടുകാരാണ്. സ്റ്റേഷനിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ ഇതിനോടകം കുട്ടികൾ ഏറ്റെടുത്തുകഴിഞ്ഞു.
ആറിന് മുഖ്യമന്ത്രി പിണറായി വിജയനാണ്  മാതൃകാ പൊലീസ് സ്റ്റേഷൻ ഓൺലൈനായി നാടിന് സമർപ്പിച്ചത്.

ജില്ലയിലെ തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽമാത്രമാണ് ഇത്തരമൊരു ആശയം നടപ്പാക്കുന്നത്. സ്റ്റേഷനോട് ചേർന്ന് തന്നെയുള്ള  മറ്റൊരു കെട്ടിടത്തിലാണ് കുട്ടികൾക്ക് കളിച്ചുല്ലസിക്കാനുതകുന്ന തരത്തിൽ ശിശുസൗഹൃദ സ്റ്റേഷൻ ഒരുക്കിയിട്ടുള്ളത്.
ചുമരിൽ കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ ഡിങ്കൻ, മായാവി, ലുട്ടാപ്പി, രാജു, രാധ എന്നിവരും വിവിധ കാർട്ടൂൺ ചിത്രങ്ങളുമുണ്ട്. 

ഉള്ളിലേക്ക് കടന്നാൽ മുറി നിറയെ  കളിപ്പാട്ടങ്ങൾ ആണ്. കുട്ടികളെ  സ്വീകരിക്കാൻ  ചൈൽഡ് ഫ്രണ്ട് ലി ഓഫീസറും വനിതാ സിവിൽ പൊലീസ് ഓഫീസറും ഇവിടെയുണ്ട്. കുട്ടികൾ സംഘമായി സ്റ്റേഷൻ സന്ദർശിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കുറ്റിപ്പുറം ബിആർസിക്കുകീഴിലെ ഭിന്നശേഷി കുട്ടികൾ ഇവിടെ സന്ദർശിച്ചിരുന്നു.
പൊലീസ് -പൊതുജന സൗഹൃദം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്‌.
കുട്ടികൾക്ക് പൊലീസിനോടുള്ള ഭയം മാറ്റി, പൊലീസ് തങ്ങളുടെ രക്ഷകരാണെന്ന ബോധം വളർത്തിയെടുക്കുകയാണ് ലക്ഷ്യം.

കുട്ടികളോടുള്ള ചൂഷണം തടയാൻ പദ്ധതി  പ്രയോജനകരമാകുമെന്നും കുറ്റിപ്പുറം പൊലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ പറഞ്ഞു.  വിദ്യാർഥികൾക്ക് സ്കൂളിൽനിന്നും ടീമായി വന്ന്  സ്റ്റേഷൻ സന്ദർശിക്കാനും അവസരമുണ്ട്.