Fri. Nov 22nd, 2024
ബിഹാർ:

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്ര നിര്‍മാണത്തിനായി 2.5 കോടി വിലയുള്ള ഭൂമി ദാനം ചെയ്ത് മുസ്ലിം കുടുംബം. വര്‍ഗീയ വേര്‍തിരിവുകളേക്കുറിച്ച് വ്യാപക ചര്‍ച്ചകള്‍ രാജ്യമെങ്ങും ഉയരുന്നതിനിടയില്‍ ബിഹാറില്‍ നിന്നുള്ളതാണ് ഈ വാര്‍ത്ത.

ബിഹാറിലെ ചംമ്പാരന്‍ ജില്ലയിലെ കയ്ത്തവാലിയ മേഖലയില്‍ നിര്‍മ്മിക്കുന്ന വിരാട് രാമായണ്‍ ക്ഷേത്രത്തിനായാണ് മുസ്ലിം കുടുംബം 2.5 കോടി രൂപ വിലമതിക്കുന്ന ഭൂമി ദാനം ചെയ്തത്. ഗുവാഹത്തി സ്വദേശിയായ ബിസിനസുകാരനായ ഇഷ്തിയാക് അഹമ്മദ് ഖാനും കുടുംബവുമാണ് സാമുദായിക ഐക്യത്തിനുള്ള പുതിയ മാതൃക തീര്‍ത്തിരിക്കുന്നത്.

പട്ന അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് അധ്യക്ഷന്‍ ആചാര്യ കിഷോര്‍ കുനാലാണ് തിങ്കളാഴ്ച ഇക്കാര്യം വിശദമാക്കിയത്. ഭൂമി ദാനവുമായി ബന്ധപ്പെട്ട നടപടികള്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്.

കുടുംബത്തിന്‍റെ സ്ഥലമാണ് ഇത്തരത്തില്‍ ക്ഷേത്ര നിര്‍മാണത്തിനായി രജിസ്റ്റര്‍ ചെയ്ത് നല്‍കിയതെന്നാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ കുനാല്‍ വിശദമാക്കിയത്. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിനുള്ള മികച്ച മാതൃകയാണ് ഖാനും കുടുംബവും ചെയ്തതെന്നാണ് ക്ഷേത്ര നിര്‍മാണ ചുമതലയിലുള്ള ട്രസ്റ്റിന്‍റെ പ്രതികരണം.