Wed. Dec 18th, 2024
കൊല്ലം:

വൈദ്യുതീകരണം പൂർത്തിയായ കൊല്ലം–പുനലൂർ റെയിൽവേ ലൈനിൽ സുരക്ഷാ കമീഷണറുടെ വേഗ പരിശോധന. തിങ്കൾ പകൽ 11.45ന് സുരക്ഷാ കമീഷണർ അഭയറായ് കൊല്ലത്തുനിന്ന് ഡീസൽ എൻജിനിൽ പുനലൂരിൽ എത്തുകയും അവിടെനിന്ന്‌  ഇലക്ട്രിക് എൻജിനിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ കൊല്ലത്തേക്ക് പരീക്ഷണ ഓട്ടം നടത്തുകയുമായിരുന്നു. പകൽ 1.02ന് പുനലൂരിൽനിന്ന് പുറപ്പെട്ട ട്രെയിൻ 2.17ന് കൊല്ലത്തെത്തി.

ക്രോസിങ്ങിനായി 20 മിനിറ്റ് ട്രെയിൻ ഇടയിൽ പിടിച്ചിട്ടു. ക്രോസിങ് ഒഴിവാക്കിയാൽ 50 മിനിറ്റിൽ പുനലൂരിൽനിന്ന് കൊല്ലത്തെത്താനാകും.
രാവിലെ കൊല്ലത്തുനിന്ന് ഡീസൽ എൻജിനിൽ പുറപ്പെട്ട സംഘം കിളികൊല്ലൂർ സ്വിച്ചിങ്‌ സ്റ്റേഷൻ, റെയിൽവേ ഓവർ ബ്രിഡ്ജ്, പാത മുറിച്ചുപോകുന്ന 110 കെവി വൈദ്യുതിലൈൻ, കുണ്ടറ ഈസ്റ്റ് റെയിൽവേ ഗേറ്റ്, കൊട്ടാരക്കര ഇൻസുലേറ്റഡ് ഓവർ ലാപ്, കൊട്ടാരക്കര സ്വിച്ചിങ്‌ സ്റ്റേഷൻ, ആവണീശ്വരത്തിന് മധ്യേയുള്ള പാലം, വളവ്, ലെവൽക്രോസ് ഗേറ്റ്, പുനലൂർ സ്റ്റേഷൻ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

വൈദ്യുതി ട്രെയിനുകൾ ഓടിത്തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകളെപ്പറ്റി പുനലൂരിൽ ജീവനക്കാരുമായി സംസാരിച്ചു.
പുനലൂരിൽനിന്ന് 25 കിലോ വാട്ട് വൈദ്യുതി ചാർജ്ചെയ്ത എൻജിനിൽ ആയിരുന്നു സംഘത്തിന്റെ മടക്കയാത്ര. പാത വൈദ്യുതീകരണ ജോലിയിൽ തൃപ്തി രേഖപ്പെടുത്തിയ കമീഷണർ പാതയോടു ചേർന്നുള്ള മരങ്ങൾ മുറിച്ചുനീക്കാൻ നിർദേശിച്ചു.

സുരക്ഷാ കമീഷണർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ തുടർന്ന്‌ മധുര ഡിവിഷൻ ഇലക്ട്രിക് ട്രെയിനുകൾ ഓടിത്തുടങ്ങുന്ന തീയതിയും ട്രെയിനുകളും നിശ്ചയിക്കും. റെയിൽവേ ദക്ഷിണ മേഖലാ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിഫിക്കേഷൻ എൻജിനിയർ എ കെ മേത്ത, ചീഫ് പ്രോജക്ട് ഡയറക്ടർ സമീർ ഡിഗെ, സീനിയർ ഡിവിഷണൽ ഇലക്ട്രിഫിക്കേഷൻ എൻജിനിയർ ബിച്ചു രമേശ്, എക്സിക്യൂട്ടീവ്‌ ഇലക്ട്രിഫിക്കേഷൻ എൻജിനിയർ എം എസ് രോഹൻ, സീനിയർ ഇലക്ട്രിഫിക്കേഷൻ എൻജിനിയർ ആർ രാധാകൃഷ്ണൻ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.