Mon. Dec 23rd, 2024
കണ്ണൂർ:

നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ തുരത്താൻ വ്യത്യസ്തമായ പരീക്ഷണവുമായി ഒരു മലയോര ഗ്രാമം. കാട്ടിനുള്ളിൽ തേനീച്ച പെട്ടികൾ സ്ഥാപിച്ചാണ് കണ്ണൂർ മാട്ടറക്കാർ വന്യമൃഗങ്ങള്‍ക്കെതിരെ പുത്തൻ പ്രതിരോധം തീർക്കുന്നത്. തെക്കന്‍ കേരളത്തില്‍ നിന്നും എത്തി മണ്ണിനോടും മലമ്പനിയോടും പടവെട്ടിയ കുടിയേറ്റ കർഷകരുടെ ഗ്രാമമാണ് മാട്ടറ.

കാലം കഴിയും തോറും വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ ഓരോരുത്തരായി മലയിറങ്ങി. താമസം മലയ്ക്ക് താഴെയാക്കിയെങ്കിലും കൃഷി ചെയ്യാനായി എല്ലാവരും ഒത്തു കൂടി കശുമാവിൻ കൃഷി തുടങ്ങി. മലമുകളിൽ മുഴുവൻ ഇപ്പോൾ കശുമാവിങ്ങനെ പൂത്ത് നിൽക്കുകയാണ്.

വന്യമൃഗ ശല്യം തടയാൻ സൗരോർജ വേലികളടക്കം സ്ഥാപിച്ചെങ്കിലും ഒന്നും പരിഹാരമായില്ല. അങ്ങനെയാണ് നാട്ടുകാർ തന്നെ പുത്തൻ വിദ്യ കണ്ടെത്തിയത്. ബീ ഫെൻസിങ്. സംഗതി എന്താണന്നല്ലേ. ആനകള്‍ക്ക് വനത്തിലറിയാവുന്ന ജീവിയാണ് തേനീച്ച.

സാധാരണയായി തേനീച്ചയുമായി കാട്ടനാകള്‍ ഏറ്റുമുട്ടാന്‍ നിക്കാറുമില്ല. തേനീച്ചക്കൂടില്‍ നിന്ന് കിട്ടുന്ന തേനിന് കാട്ടുതേനിന്‍റെ ഗുണമുണ്ടെങ്കില്‍ അത് ആ തരത്തില്‍ തന്നെ വിപണനം ചെയ്യാനുള്ള പദ്ധതിയും ഈ കര്‍ഷകര്‍ക്കുണ്ട്. 27 പെട്ടികളാണ് ആദ്യം വെച്ചത്.

ഇവ ഒരു പരിധി വരെ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളെ തടയുന്നതായാണ് നാട്ടുകാരുടെ പ്രതികരണം. നാട്ടുകാർ തന്നെയാണ് ഈ തേനീച്ച പെട്ടികളുടെ പരിപാലനം.