കൽപറ്റ:
1100 ചതുരശ്ര കിലോമീറ്ററോളം നിക്ഷിപ്ത വനഭൂമിയുള്ള വയനാട്ടിൽ സ്വാഭാവിക കാടിന് ഭീഷണിയായി അധിനിവേശ സസ്യങ്ങൾ പടരുന്നു. ജില്ലയുടെ ഭൂവിസ്തൃതിയുടെ 35 ശതമാനമാണ് വനം. 1956 മുതലാണ് വയനാട്ടിലെ നിക്ഷിപ്ത വനമേഖലയിലെ സ്വാഭാവിക വനത്തിന് വൻതോതിൽ നാശം നേരിടുന്നത്.
ഏകവിളത്തോട്ടങ്ങൾ ഒരുക്കാൻ തുടങ്ങിയതാണ് വന നാശത്തിന്റെ ആരംഭം. അനിയന്ത്രിത ടൂറിസവും കാട്ടുതീയും വ്യാപക കന്നുകാലി മേയ്ക്കലും സ്വാഭാവിക വനത്തിന്റെ നാശത്തിന് ആക്കംകൂട്ടിയ ഘടകങ്ങളായി. നിലവിൽ ജില്ലയിലെ വനമേഖല നേരിടുന്ന പ്രധാന ഭീഷണിയാണ് അധിനിവേശ സസ്യങ്ങളുടെ അതിവേഗത്തിലുള്ള വ്യാപനം.
സ്വാഭാവിക ജൈവവൈവിധ്യത്തെ തകർക്കുന്ന, മറ്റ് സസ്യങ്ങളെ വളരാൻ അനുവദിക്കാത്ത, വിഷമയമായ മഞ്ഞക്കൊന്ന പോലുള്ള സസ്യങ്ങൾ വനത്തിൽ പിടിമുറുക്കുകയാണ്. വയനാട് വന്യജീവി സങ്കേതത്തിന്റെ 10 ശതമാനം പ്രദേശം മഞ്ഞക്കൊന്നയുടെ പിടിയിലാണെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. കമ്യൂണിസ്റ്റ് പച്ച, അരിപ്പൂ തുടങ്ങിയവയും വനത്തിന് ഭീഷണിയായി പടരുന്നു.
മഞ്ഞക്കൊന്നയടക്കം 22 അധിനിവേശ സസ്യങ്ങൾ വയനാട് വന്യജീവി കേന്ദ്രത്തിൽ കേരള വനഗവേഷണകേന്ദ്രം അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ വനമേഖലയിൽ 36,000 ഹെക്ടർ യൂകാലിപ്റ്റ്സ്, തേക്ക്, സിൽവർ ഓക്ക് തുടങ്ങിയ ഏകവിള തോട്ടങ്ങളാണ്. കാടിന്റെ ധർമം നിർവഹിക്കുന്നില്ല എന്നതാണ് ജില്ലയുടെ വനസമ്പത്തിന്റെ മൂന്നിലൊന്ന് ഭാഗം അപഹരിക്കുന്ന ഈ തോട്ടങ്ങളുടെ പ്രത്യേകത.
മനുഷ്യ-വന്യജീവി സംഘർഷം ജില്ലയിൽ അധികരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഏകവിള തോട്ടങ്ങളാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഏകവിള തോട്ടങ്ങൾ ജില്ലയിലുണ്ടാക്കിയ പരിസ്ഥിതി ആഘാതങ്ങൾ ഇതുവരെ ആരും പഠനവിധേയമാക്കിയിട്ടില്ലെന്നും ഇവർ ആശങ്കപ്പെടുന്നു.