Fri. Nov 22nd, 2024
തൊടുപുഴ:

ചീനിക്കുഴിയിൽ കൊല്ലപ്പെട്ട ഫൈസലിന്‍റെയും കുടുംബത്തിന്‍റെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു തൊട്ടടുത്ത് മഞ്ചിക്കല്ല് എന്ന സ്ഥലത്ത് നിർമാണം പൂർത്തിയായ വീടിന്‍റെ ഗൃഹപ്രവേശം. ഇതിനുള്ള ഒരുക്കം പൂർത്തിയായി വരുന്നതിനിടെയാണ് ദുരന്തമെത്തുന്നത്. പിതാവ് ഹമീദുമായുള്ള കുടുംബ പ്രശ്നങ്ങൾ മൂലം ആറുമാസം മുമ്പാണ് ഭാര്യ ഷീബയുടെ പേരിൽ മഞ്ചിക്കല്ലിൽ ഫൈസൽ സ്ഥലം വാങ്ങി വീട് നിർമാണം ആരംഭിച്ചത്.

ഏപ്രിൽ ആദ്യം തന്നെ വീട്ടിലേക്ക് മാറിത്താമസിക്കുന്ന രീതിയിൽ പണികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് കോൺട്രാക്ടറും ചീനിക്കുഴി സ്വദേശിയും സുഹൃത്തുമായ രാജേഷ് രാഘവൻ പറഞ്ഞു. രണ്ടാഴ്ച മുമ്പ് കണ്ടപ്പോഴും ”പണി പെട്ടെന്ന് തീർത്തോളൂ കേട്ടോ.”, എത്രയും വേഗം വീട്ടിലേക്ക് കയറണമെന്ന രീതിയിലാണ് ഫൈസൽ സംസാരിച്ചതെന്ന് രാജേഷ് പറഞ്ഞു.

ഇനി ആറ് ദിവസത്തെ ജോലികൂടിയാണ് അവശേഷിച്ചിരുന്നത്. പുതിയ വാഷിങ് മെഷീനും ഫ്രിഡ്ജുമടക്കം വീട്ടിൽ ഇറക്കിയിരുന്നു. വീട്ടിലേക്കുള്ള ഫർണിച്ചറായി ഒരു ഡൈനിങ് ടേബിൾ മാത്രമാണ് പണിയാനുണ്ടായിരുന്നത്. ഫൈസലിന്‍റെ ഭാര്യ ഷീബയും കുട്ടികളും മിക്ക ദിവസവും വീട്ടിലെത്തി പുറത്ത് പൂച്ചെടികൾ വെക്കുകയും വീട് മനോഹരമായി ഒരുക്കുകയും ചെയ്തിരുന്നു.

പുതിയ വീട്ടിലേക്ക് താമസം മാറുന്ന സന്തോഷത്തിലായിരുന്നു കുട്ടികളും. ഒരാളെപ്പോലും അവശേഷിപ്പിക്കാതെ ദുരന്തം എല്ലാവരെയും കൊണ്ടുപോയപ്പോൾ ഇനി ആർക്കുവേണ്ടി വീട് നിർമാണം പൂർത്തിയാക്കണമെന്ന് അറിയില്ലെന്ന് രാജേഷ് ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു.