Mon. Dec 23rd, 2024
കോഴിക്കോട്‌:

സാംസ്‌കാരിക വകുപ്പിന്‌ കീഴിലുള്ള മേഖലാ പുരാവസ്‌തു കേന്ദ്രത്തിന്റെ(റീജണൽ ആർക്കൈവ്‌സ്‌) ഉപകേന്ദ്രം കുന്നമംഗലത്ത്‌ സജ്ജമായി. മിനി സിവിൽ സ്‌റ്റേഷനിലെ നാലാം നിലയിലാണ്‌ കേന്ദ്രം. പഴയ സർക്കാർ രേഖകളുടെ സംരക്ഷണമാണ്‌ പ്രധാനമായും ലക്ഷ്യമിടുന്നത്‌.

വിവിധ കാലങ്ങളിൽ ജില്ലാ ഭരണവിഭാഗം നടപ്പാക്കിയ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഇവിടെ ലഭിക്കും.  ഭൂമിയുമായി ബന്ധപ്പെട്ട രേഖകളാണ്‌ ഇവിടെ പ്രധാനമായും സൂക്ഷിക്കുക. വിവിധ പദ്ധതികൾക്കായി പല കാലങ്ങളിൽ എറ്റെടുത്ത ഭൂമിയുടെ വിവരങ്ങൾ ഉൾപ്പെടെയുണ്ടാകും.

എത്ര കാലം കഴിഞ്ഞാലും ഇവ കൃത്യമായി പരിശോധിക്കാൻ സാധിക്കുന്ന വിധമാണ്‌  ക്രമീകരണം. ഭാവിയിൽ ഭൂമി സംബന്ധിച്ച തർക്കങ്ങളോ വ്യവഹാരങ്ങളോ ഉണ്ടായാൽ ഈ രേഖകൾ പരിശോധിക്കാം. റെക്കോർഡ്‌ റൂം, റിസർച്ച്‌ വിഭാഗം എന്നിവ സജ്ജമാക്കിയിട്ടുണ്ട്‌.

മലബാറിലെ കാർഷിക സമരങ്ങൾ, പഴശ്ശി വിപ്ലവം, മലബാർ കലാപം തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട ചരിത്ര രേഖകളുടെ സംരക്ഷണമാണ്‌ റീജനൽ ആർക്കൈവ്‌സിൽ നടക്കുന്നത്‌.  സർക്കാരുമായി ബന്ധപ്പെട്ട രേഖകളാണ്‌ ഉപകേന്ദ്രത്തിലുണ്ടാകുക. എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട രേഖകൾ ഇവിടെ ഭദ്രമായിരിക്കും.

ജില്ലയിലെ താലൂക്കുകളിലെ പഴയ രേഖകളെല്ലാം ഈ കേന്ദ്രത്തിലേക്ക്‌ മാറും. പഴയ റെക്കോർഡുകൾ സംബന്ധിച്ച വിവരങ്ങൾക്കായി ജനം പല ഓഫീസുകൾ കയറി ഇറങ്ങുന്ന അവസ്ഥയ്‌ക്കും ഇതോടെ പരിഹാരമാവും.