Wed. Jan 22nd, 2025
തിരൂരങ്ങാടി:

സ്കൂളിലേക്ക് ഇരുചക്രവാഹനവുമായി എത്തുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമെതിരെ കർശന നടപടിയുമായി തിരൂരങ്ങാടി പൊലീസ്. തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ, ഗവ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് വന്ന വിദ്യാർത്ഥികളുടെ ഇരുചക്രവാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിന്റെ പരിസരത്ത് നിർത്തിയിട്ട വണ്ടികൾ ലോറിയിൽ കയറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

ദിവസങ്ങൾക്കു മുമ്പ് ചെണ്ടപ്പുറായ സ്കൂളിലെ വിദ്യാർത്ഥികളുടെ വാഹനങ്ങളും പിടികൂടിയിരുന്നു.
പ്രായപൂർത്തി ആകാത്തവർക്ക് വാഹനം ഓടിക്കാൻ കൊടുത്താൽ രക്ഷിതാക്കൾക്കും ആർ സി ഉടമകൾക്കുമെതിരെ കേസ് എടുക്കുമെന്ന് എസ്ഐ മുഹമ്മദ് റഫീഖ് പറഞ്ഞു. ഒരാഴ്ചയോളമായി തിരൂരങ്ങാടി പൊലീസ് പരിശോധന നടത്തിവരുന്നുണ്ട്.

നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും പിഴ ഇടാക്കുകയും രക്ഷിതാക്കൾക്കും ആർ സി ഉടമകൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.