Mon. Dec 23rd, 2024
പാലക്കാട്:

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നോകുകുത്തിയാക്കി ഭൂമിയുടെ തരംമാറ്റൽ നടപടികൾക്ക് ഗതിവേഗം. കഴിഞ്ഞ സർക്കാറിന്‍റെ അവസാന കാലത്താണ് നിയമത്തിൽ വെള്ളംചേർത്ത് ഭൂമി തരംമാറ്റുന്നതിനുള്ള വ്യവസ്ഥകൾ ലഘൂകരിച്ചത്. ഈ പഴുതുപയോഗിച്ച്, വൻതോതിൽ ഭൂമി തരംമാറ്റൽ അപേക്ഷകൾ സർക്കാർ ഓഫിസുകളിലേക്ക് പ്രവഹിക്കുകയാണ്.

സംസ്ഥാനത്ത് വിവിധ ആർഡിഒ ഓഫിസുകളിൽ 1,12, 539 അപേക്ഷകളാണ് തീർപ്പാക്കാനായി എത്തിയത്. ചട്ടങ്ങളിൽ വന്നിട്ടുള്ള ഭേദഗതിയും 25 സെന്‍റ് വിസ്തൃതിയുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ തരംമാറ്റം സൗജന്യനിരക്കിൽ അനുവദിച്ചുള്ള സർക്കാർ ഉത്തരവും ഭൂമാഫിയക്ക് അനുകൂലമായിരിക്കുകയാണ്. തരംമാറ്റൽ അപേക്ഷകൾ തീർപ്പാക്കാൻ അതിവേഗ നടപടികൾക്കാണ് സർക്കാർ ഊന്നൽ നൽകുന്നത്.

അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് ഉടൻ സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രോസീജിയർ പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നു. ഭൂമി തരംമാറ്റലിന്‍റെ മറവിൽ മിക്കയിടത്തും വൻ അഴിമതിയാണ് അരങ്ങേറുന്നത്. ചില റവന്യൂ-കൃഷി ഉദ്യോഗസ്ഥരും പഞ്ചായത്തുകളും വഴിവിട്ടാണ് പ്രവർത്തിക്കുന്നതെന്ന് ആരോപണമുണ്ട്. ഡാറ്റ ബാങ്കിൽപ്പെട്ട സ്ഥലം തരംമാറ്റാൻ

പഴുതൊരുക്കുന്നതാണ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ. ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത, നെൽകൃഷി നടന്നുകൊണ്ടിരിക്കുന്ന പാടങ്ങൾ നികത്താൻ ഒരു നിയമതടസ്സവുമില്ലാത്ത സ്ഥിതിയാണ്. സർക്കാർ സംവിധാനങ്ങൾ ഭൂമി തരംമാറ്റലിന് പൊതുവെ അനുകൂലമായതിനാൽ തണ്ണീർതടങ്ങൾപോലും തരംമാറ്റപ്പെടുന്ന അവസ്ഥയാണ്.

സർക്കാറിന്‍റെ നിലപാട് ഭൂമാഫിയക്ക് അനുകൂലമായതിനാൽ അപൂർവം ഉദ്യോഗസ്ഥർ മാത്രമാണ് തരംമാറ്റലിന് എതിരായ റിപ്പോർട്ടുകൾ ആർഡിഒക്ക് നൽകുന്നുള്ളൂ. അപേക്ഷകൾ ഓൺലൈൻ വഴി ആയതിനാൽ ഇടനിലക്കാരുടെ പ്രവർത്തനം ഇല്ലാതായെന്നാണ് സർക്കാർ അവകാശവാദം. എന്നാൽ, ചട്ടങ്ങൾ ലഘൂകരിച്ചതോടെ, തടസ്സമേതുമില്ലാതെ ഭൂമി എളുപ്പത്തിൽ തരംമാറ്റിയെടുക്കാവുന്ന സ്ഥിതിവിശേഷമാണ് എല്ലായിടത്തും നിലനിൽക്കുന്നത്.