Fri. Nov 22nd, 2024
തിരുവനന്തപുരം:

പോരാട്ടവീര്യം കുർദുകളുടെ രക്തത്തിൽ അലിഞ്ഞതാണെന്ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയ കുർദിഷ് സംവിധായിക ലിസ ചലാൻ. തന്റെ രണ്ടു കാലുകളും നഷ്‍ടമായ ഐഎസ് ആക്രമണത്തെക്കുറിച്ചുള്ള ജീവചരിത്ര സിനിമയാണ് അടുത്ത ലക്ഷ്യമെന്ന് ലിസ ചലാൻ പറഞ്ഞു.

മേളയിൽ സ്‍പിരിറ്റ് ഓഫ് സിനിമ പുരസ്‍കാരം നേടി ലിസ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിച്ചു. സഹോദരീ സഹോദരന്മാരെപ്പോലെ കുർദ്- കേരള ബന്ധം ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ലിസ ചലാൻ പറഞ്ഞു.

രണ്ടായിരത്തി പതിനഞ്ചില്‍ ഐഎസ് പെട്രോൾ ബോംബാക്രമണത്തെ തുടര്‍ന്ന് രണ്ട് കാലുകളും മുറിച്ചു മാറ്റേണ്ടിവന്ന ലിസ ചലാൻ, അതിജീവനമെന്ന വാക്കുകൾക്ക് പുതിയ അർത്ഥമെഴുതിയാണ് കിടക്കയിൽ നിന്ന് കൃത്രിമക്കാലുകളിൽ നിവർന്നു നിന്നത്. ചരിത്രത്തിലേക്ക് നടക്കുന്നത്. കേരളത്തിലെത്തിയത്. മേളയുടെ ആദരമേറ്റു വാങ്ങിയത്.

ഐഎസ് ആക്രമണത്തിന് എന്റെ ശരീരത്തെ മാത്രമേ പരിക്കേൽപ്പിക്കാനായുള്ളൂ. ആശയമാണ് പ്രധാനം. ഈ പോരാട്ടവീര്യം ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞതാണ്. പൂർവികർ തന്നതാണ്. എന്റെ സിനിമകൾ കലഹിക്കുന്നതാകണമെന്നെനിക്ക് നിർബന്ധമുണ്ട്.

ജീവിതങ്ങളെ പകർത്തുന്നതാവണമെന്നും രാഷ്‍ട്രീയം പറയുന്നതാകണമെന്നും ഉണ്ട്. തുർക്കിയിൽ മാത്രം 30 ദശലക്ഷം കുർദുകളാണ് വലിയ സമ്മർദത്തിൽ കഴിയുന്നത്. ഐഎസ് ഭീകരത തന്റെ മേലും തന്റെ ജനതയ്ക്ക് മേലുമുണ്ടാക്കിയ മുറിവുകളെക്കുറിച്ചും ആത്മാംശമുൾക്കൊള്ളുന്ന സിനിമയാണ് അടുത്ത ലക്ഷ്യം.

ഐഎസ് നടത്തിയ ക്രൂരതകളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടും. ഞങ്ങളുടെ പോരാട്ടം തുറന്നുകാട്ടുന്ന സിനിമകളും ഉണ്ടാവുമെന്ന് ലിസ ചലാൻ ഉറപ്പുപറയുന്നു.