Wed. Nov 6th, 2024
തിരുവനന്തപുരം:

സംഘർഷ സാധ്യതയുള്ള സമരമുഖത്ത് കുട്ടികളെ കവചമായി ഉപയോഗിക്കുന്നതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. കെ റെയിലുമായി ബന്ധപ്പെട്ടും ട്രാഫിക് പോയിന്റുകളിൽ കുട്ടികളേയും കൂട്ടി സാധനങ്ങൾ വിൽക്കുമ്പോൾ അപകടത്തിൽ പെടുന്നതു സംബന്ധിച്ചും കമ്മീഷന് ലഭിച്ച പരാതിയിലാണ് ചെയർപേഴ്സൺ കെ വി മനോജ്കുമാർ കേസെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ടു നൽകാൻ സംസ്ഥാന പോലീസ് മേധാവിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി.

കെ റെയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്ത്രീകളെയും കുട്ടികളെയും പൊലീസ് ഉപദ്രവിച്ചുവെന്ന് നേരത്തെ പ്രതിപക്ഷം വിമർശനം ഉയർത്തിയിരുന്നു. പിന്നാലെയാണ് ബാലവകാശ കമ്മീഷന്റെ നടപടി. ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ നടന്ന പൊലീസ് നടപടിയിലാണ് കടുത്ത വിമർശനം ഉയർന്നത്.

സ്ത്രീകൾ അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചു നീക്കി അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. പുരുഷ പൊലീസ് ഉൾപ്പെടെയാണ് വനിതാ പ്രതിഷേധക്കാരെ നീക്കിയത്. ചെറിയ കുട്ടികളും പ്രതിഷേധക്കാരായ സ്ത്രീകൾക്കൊപ്പമുണ്ടായിരുന്നു. സ്ത്രീയെ പൊലീസ് വലിച്ചിഴക്കുമ്പോൾ ചെറിയ മകൻ തടയാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വലിയ ചർച്ചയായിരുന്നു.