Wed. Dec 18th, 2024
കൊച്ചി:

എറണാകുളം ജംക്‌ഷൻ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകൾക്കും ട്രെയിനുകൾക്കുമിടയിലെ ഉയര വ്യത്യാസം കൂടിയത് അപകട ഭീഷണിയുയർത്തു. സ്റ്റേഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ട്രാക്ക് ഉയർത്തിയതോടെയാണു 2,3,4,5 പ്ലാറ്റ്ഫോമുകളിൽ ട്രെയിനുകൾക്കും പ്ലാറ്റ്ഫോമുകൾക്കും ഇടയിൽ വലിയ വിടവു രൂപപ്പെട്ടത്. യാത്രക്കാർ കാൽ വഴുതി ട്രാക്കിലേക്കു വീഴാനുള്ള സാധ്യത ഇവിടെ വളരെ കൂടുതലാണ്.

ട്രെയിനിന്റെ ചവിട്ടു പടികൾ ഉയരത്തിലായതോടെ ട്രെയിനുകളിൽ കയറാനും ബുദ്ധിമുട്ടാണ്.ട്രെയിൻ വിട്ടു കഴിഞ്ഞാൽ ആരെങ്കിലും കയറാൻ ശ്രമിച്ചാൽ അപകടം ഉറപ്പാണെന്നു യാത്രക്കാരനായ ബിനയ് ശങ്കർ പറഞ്ഞു. ട്രെയിനിന്റെ ഏറ്റവും താഴത്തെ പടിയും പ്ലാറ്റ്ഫോമും ഇപ്പോൾ ഒരേ നിരപ്പിലാണ്.

പ്രായമുള്ളവർ ഉൾപ്പെടെ ട്രെയിനിൽ നിന്ന് ഇറങ്ങാനും ഏറെ പണിപ്പെടണമെന്നു ബിനയ് പറഞ്ഞു. മെമു ട്രെയിനുകളിൽ കയറാനാണ് ഏറെ പ്രയാസം. ട്രാക്ക് ഉയർത്തിയപ്പോൾ ട്രാക്കും പ്ലാറ്റ്ഫോമും തമ്മിലുള്ള ഉയര വ്യത്യാസം കാര്യമായി കുറഞ്ഞിരുന്നു.

എന്നാൽ ഇതിന് ആനുപാതികമായി പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടാൻ റെയിൽവേ നടപടിയെടുത്തിട്ടില്ല. ഇതു സംബന്ധിച്ചു ഡിവിഷൻ അധികൃതർക്കു കത്തു നൽകിയിട്ടുണ്ടെന്നു ഏരിയ മാനേജർ നിതിൻ നോർബർട്ട് പറഞ്ഞു.പ്ലാറ്റ്ഫോം ഉയർത്തണമെങ്കിൽ മേൽക്കൂര പൊളിച്ചു ഉയരം കൂട്ടണം.

ഇതിനുള്ള പദ്ധതി തയാറാക്കി എൻജിനീയറിങ് വിഭാഗം ഡിവിഷനിൽ നിന്ന് അനുമതി വാങ്ങണം. ട്രാക്ക് ഉയർത്തി മാസങ്ങൾ കഴി‍ഞ്ഞിട്ടും പ്ലാറ്റ്ഫോം ഉയരം കൂട്ടാനുള്ള നടപടികൾ ഇഴയുകയാണ്. ആരെങ്കിലും അപകടത്തിൽപ്പെടുന്നതു വരെ കാത്തിരിക്കാതെ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

4 പ്ലാറ്റ്ഫോമുകൾക്കു 24 കോച്ച് ട്രെയിനുകൾ നിർത്താനാവശ്യമായ നീളമില്ലെന്ന പ്രശ്നത്തിനും ഇതുവരെ പരിഹാരമായിട്ടില്ല. 1, 3 പ്ലാറ്റ്ഫോമുകൾക്കു മാത്രമാണു 24 കോച്ച് ട്രെയിനുകൾക്ക് ആവശ്യമായ നീളമുള്ളത്. ഹൈബി ഈഡൻ എംപിയുൾപ്പെടെ കത്തുകൾ നൽകിയിട്ടും ഇതു പ്രത്യേക പദ്ധതിയായി ഏറ്റെടുക്കാൻ ഡിവിഷൻ തയാറായിട്ടില്ല.