Fri. Nov 22nd, 2024
പോട്ട:

ഈ മേഖലയിൽ  കുളങ്ങൾ ഒട്ടേറെയുണ്ട്. എന്നാൽ മിക്കവയ്ക്കും സംരക്ഷണത്തിന് അവധി നൽകിയിരിക്കുകയാണ് അധികൃതർ. നഗരസഭയിലെ ഒന്ന്, 34,35 വാർഡുകൾക്കു പ്രയോജനപ്പെടുന്ന വലിയ രണ്ട് കുളങ്ങളാണ് വർഷങ്ങളായി സംരക്ഷണം കാത്തു കിടക്കുന്നത്.

നഗരസഭ ഒന്നാം വാർഡിൽ പോട്ട മൂളിച്ചിറ കുളം കണ്ടാൽ കുളമാണെന്നു തോന്നില്ല. പുൽമൈതാനം പോലെയുള്ള ഈ ഒരേക്കറോളം സ്ഥലം ജലസമൃദ്ധിയുള്ള കുളമായിരുന്നു. ഇപ്പോഴും നിറയെ ഉറവകളുള്ള കുളം ആഴം കൂട്ടി വൃത്തിയാക്കിയാൽ വലിയ പ്രദേശത്തിന്റെ കാർഷിക ജലസേചനത്തിനു പ്രയോജനപ്പെടും.

ആദ്യകാലത്ത് കുളത്തിൽ നിന്നു വലിയ തോട് ഉണ്ടായിരുന്നത് ഇല്ലാതായി. ഒന്നാം വാർഡിലെ ഈ കുളത്തിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി സ്ഥാപിച്ചാൽ 34-ാം വാർഡിലെ എഡ്ഡി കറന്റ്, വാഴക്കുന്ന് തുടങ്ങിയ വരണ്ട പ്രദേശങ്ങളിൽ വെള്ളമെത്തിക്കാനാകും. ഇതു കൃഷിക്ക് ഗുണം ചെയ്യും.

ഒപ്പം കിണറുകളിൽ ജലനിരപ്പ് ഉയർത്താനും സഹായിക്കും.ഇതുവരെ ഭരിച്ച നഗര ഭരണാധികാരികൾ, കുളം നവീകരണത്തിനു ശ്രമം നടത്തിയില്ലെന്നു കർഷകർ പരാതിപ്പെടുന്നു.34,35 വാർഡുകളുടെ മധ്യഭാഗത്തുള്ള കുഴിക്കാട്ടുകുളവും കെട്ടി സംരക്ഷിക്കാതെ നശിക്കുകയാണ്.

പതിറ്റാണ്ടുകൾക്കു മുൻപു വശം കെട്ടി സംരക്ഷിക്കാൻ തുടങ്ങിയെങ്കിലും ഒരു ഭാഗം മാത്രം കെട്ടിയതോടെ പണികൾ നിലച്ചു.കുളങ്ങൾ സംരക്ഷിക്കാൻ സമിതി രൂപീകരിച്ചു പ്രദേശവാസികൾ രംഗത്തിറങ്ങിയെങ്കിലും അധികൃതർ കണ്ട മട്ടില്ല. ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിലെ ഈ രണ്ടു കുളങ്ങളും സംരക്ഷിച്ചാൽ  ജാതി,വാഴ,കവുങ്ങ്, കുരുമുളക് തുടങ്ങിയ വിളകൾക്ക് പ്രയോജനപ്പെടും.പോട്ട പ്രദേശത്ത് മറ്റു വാർഡുകളിലായി സംരക്ഷണം കാത്തു കിടക്കുന്ന അഞ്ച് കുളങ്ങൾ വേറെയുമുണ്ട്.