Thu. May 2nd, 2024
കൊല്ലം:

കെഎസ്ആർടിസി ബസ് ഡിപ്പോ ആധുനിക ടെർമിനൽ എന്ന ബജറ്റ് പ്രഖ്യാപനം 2 കൊല്ലമായി കടലാസിൽ ഒതുങ്ങുമ്പോൾ ഏതു സമയത്തും നിലം പൊത്തുമെന്ന ഭീതിയിലാണ് ഓഫിസ് കെട്ടിടം. സമീപത്ത് പാലം പണിയുടെ പൈലിങ് പുരോഗമിക്കുമ്പോൾ 52 വർഷം പഴക്കമുള്ള കെട്ടിടം ഇടയ്ക്ക് കുലുങ്ങുന്നുണ്ട്. ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടെ നിർമിച്ച് ബസ് സ്റ്റാൻഡ് നവീകരിക്കുമെന്ന പ്രഖ്യാപനത്തിന് ഇതുവരെ അനക്കമില്ല.

നഗരത്തിന്റെ ഹൃദയഭാഗത്ത് അഷ്ടമുടിക്കായലിന് എതിർവശത്തായി ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടെ ആധുനിക ബസ് ടെർമിനൽ ഉയരുമ്പോൾ കെഎസ്ആർടിസിയുടെ വരുമാനം ഉയരുമെന്നായിരുന്നു പ്രതീക്ഷ. പദ്ധതിയുടെ രൂപരേഖ പോലും ഇതുവരെ തയാറായിട്ടില്ല.ബസ് സ്റ്റാൻഡിൽ സ്ഥലമില്ലാത്തത് മൂലം നിലവിൽ ലിങ്ക് റോഡിലാണ് ബസുകൾ പലതും പാർക്ക് ചെയ്യുന്നത്. ഇവിടെ രാത്രി സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്.

നിലവിലെ ബസ് സ്റ്റാൻഡിൽ ആവശ്യത്തിന് ഇരിപ്പിടങ്ങളില്ല. ശുചിമുറികളും വൃത്തിഹീനമായ നിലയിലാണ്.താലൂക്ക് കച്ചേരി ജംക്‌ഷനിൽ നിന്ന് ബസ് സ്റ്റാൻഡ് വരെ എത്തുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് കെഎസ്ആർടിസി ഗാരിജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് നവീകരിച്ച ബസ് സ്റ്റാൻഡ് മാറ്റണം എന്ന ആവശ്യമാണ് ഉയരുന്നത്.

പഞ്ചായത്തുകൾ ചെലവ് വഹിച്ചാൽ മാത്രം ഗ്രാമീണ സർവീസുകൾ ആരംഭിക്കാം എന്നാണ് നിലവിൽ കെഎസ്ആർടിസിയുടെ പദ്ധതി. ജില്ലയിൽ ‘ഗ്രാമവണ്ടി’ സർവീസുകൾക്കായി പഞ്ചായത്തുകളൊന്നും മുന്നോട്ടു വന്നിട്ടില്ല. സ്കൂളുകൾ തുറന്നതോടെ ഗ്രാമീണ മേഖലയിൽ യാത്രാ ക്ലേശം രൂക്ഷമാണെന്നാണ് പരാതി.