Sat. May 4th, 2024
തൃക്കരിപ്പൂർ:

കൈവിലങ്ങും തോക്കും കുരുന്നുകൾ കൈകൾ കൊണ്ടു തൊട്ടു. ഇളനീർ ജ്യൂസ് നൽകി പൊലീസ് മാമന്മാർ അവരെ സ്വീകരിച്ചു. സമഗ്ര ശിക്ഷാ കേരളം ചെറുവത്തൂർ ബിആർസി ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പൊതു ഇടങ്ങൾ അടുത്തറിയാനായി സംഘടിപ്പിച്ച പഠനയാത്രയാണ് ശ്രദ്ധേയമായത്.

പൊതു ഇടങ്ങളെ പരിചയപ്പെടാനുള്ള അവസരങ്ങൾ കുറവായ കുരുന്നുകൾ ചന്തേര ജനമൈത്രി പൊലീസ് സ്റ്റേഷനിൽ നിന്നും സേവനങ്ങൾ ചോദിച്ചറിഞ്ഞു.  ഭയത്തോടെ കണ്ട ലോക്കപ്പും തോക്കും ലാത്തിയും ടിയർഗ്യാസും കൈവിലങ്ങും കൺമുന്നിലെത്തിയപ്പോൾ കുട്ടികൾക്ക്‌ അത്‌ഭുതം.
നടക്കാവിലുള്ള അഗ്‌നി രക്ഷാ നിലയത്തിലും കുട്ടികൾ എത്തി. അവിടെയും മധുരം നിറഞ്ഞ സ്വീകരണം ലഭിച്ചു.

ആയിറ്റിയിൽ നിന്നും ജലഗതാഗതവകുപ്പിന്റെ  ബോട്ടിൽ പയ്യന്നൂർ കവ്വായിയിലേക്ക്‌ വിനോദ യാത്രയും നടത്തി. ചന്തേര സിഐ പി നാരായണൻ, പിആർഒ ടി തമ്പാൻ, എഎസ്ഐ എ യു ദിവാകരൻ, ഫയർ സ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസർ കെ എം ശ്രീനാഥൻ, അസി സ്റ്റേഷൻ ഓഫീസർ എൻ കുര്യാക്കോസ് എന്നിവർ ക്ലാസെടുത്തു. വി എസ് ബിജുരാജ്, അനൂപ് കുമാർ കല്ലത്ത്, പി വേണുഗോപാലൻ, സി സനൂപ്, ബി റോഷ്‌ണി, അശ്വിൻ ബാലകൃഷ്ണൻ, കെ പി ഷാനിബ, എ കെ ഷീബ, പി രജിത, പി എം മുംതാസ് എന്നിവർ സംസാരിച്ചു.