Wed. Jan 22nd, 2025
കൊച്ചി:

മെട്രോ അനുബന്ധ സർവീസുകളും പരിസ്ഥിതിസൗഹൃദ ഗതാഗതവും വികസിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്‌ ഹൈഡ്രജൻ ഇന്ധന ബസുകൾക്കായി ടെൻഡർ ക്ഷണിച്ചു. ആദ്യഘട്ടം 10 ബസാണ്‌ വാങ്ങുന്നത്‌. പൊതുഗതാഗതത്തിനായി ഹൈഡ്രജൻ ബസുകൾ ഉപയോഗിക്കുന്നത്‌ ഇന്ത്യയിൽ ആദ്യമാണ്‌.

സോളാർ പ്ലാന്റ്‌ വഴി ഉല്പാദിപ്പിക്കുന്ന ഹൈഡ്രജനാണ്‌ ബസുകളിൽ ഉപയോഗിക്കുന്നത്‌. പ്ലാന്റുകൾ ബസ്‌ നിർമാതാക്കൾ സ്ഥാപിക്കണം. ഇന്ത്യയിൽ ടാറ്റാ മോട്ടോഴ്‌സ്‌ മാത്രമാണ്‌ ഹൈഡ്രജൻ ബസുകൾ നിർമിക്കുന്നത്‌.

കൊച്ചി മെട്രോയുടെ ഫീഡർ സർവീസുകൾക്കാണ്‌ ബസ്‌ ഉപയോഗിക്കുക. ആലുവ–അങ്കമാലി, ആലുവ–എയർപോർട്ട്‌ റൂട്ടുകളിലാകും സർവീസ്‌. നിലവിൽ നാല്‌ ഇലക്‌ട്രിക്‌ ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഓടുന്നുണ്ട്‌. ഇടപ്പള്ളി-പറവൂർ, ആലുവ–അങ്കമാലി റൂട്ടുകളിൽ ഒന്നുവീതവും എയർപോർട്ട്‌–ആലുവ റൂട്ടിൽ രണ്ടും ബസാണ്‌ സർവീസ്‌ നടത്തുന്നത്‌.