Mon. Dec 23rd, 2024
തൃക്കരിപ്പൂർ:

നീരൊഴുക്ക് തടഞ്ഞ പുഴയിൽ വിവിധ ഇനം മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. നീരൊഴുക്കിനു സംവിധാനമൊരുക്കാത്തതിൽ പ്രതിഷേധമുയർന്നു.തൃക്കരിപ്പൂരിലെ തീരദേശ പാതയിൽ കണ്ണങ്കൈ– കൊവ്വപ്പുഴ പാലത്തിനു സമീപമാണ് മീനുകൾ കൂട്ടത്തോടെ ചത്ത നിലയിൽ കാണപ്പെട്ടത്.

അടുത്തിടെ പൊളിച്ചു പണിത പാലത്തിന് തൂണുകൾ പണിയുമ്പോഴുണ്ടായ അശാസ്ത്രീയത കാരണം പുഴ വിഭജിക്കപ്പെട്ടിരുന്നു. കരിമീൻ, മാലാൻ, വരാൽ, പ്രാച്ചി, കൊയല, മീനാരൽ തുടങ്ങി വിവിധ ഇനങ്ങളിൽ പെട്ട മീനുകൾ ചത്തു. ദിവസങ്ങളുടെ മാത്രം വളർച്ചയെത്തിയ ആയിരക്കണക്കിന് കരിമീൻ കുഞ്ഞുങ്ങളും ഇക്കൂട്ടത്തിൽപ്പെടും.

കിഴക്കും പടിഞ്ഞാറുമായി ഒഴുകുന്ന പുഴ പാലത്തിനടിയിൽ വിഭജിക്കപ്പെട്ടതും വേനലിൽ ജലനിരപ്പ് കുറഞ്ഞതും ഒഴുക്കില്ലാതാക്കി. പാലം പണിയുന്ന വേളയിലും തുറന്നു കൊടുത്ത ശേഷവും തൂണുകൾ പണിതതിലെ അശാസ്ത്രീയത കൊണ്ട് സംഭവിക്കാവുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയതാണെങ്കിലും പരിഹാരമുണ്ടാക്കിയില്ല. മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാനുള്ള കാരണം അന്വേഷിക്കുന്നുണ്ട്.

ഒഴുക്കില്ലാത്തതിനൊപ്പം മറ്റു വല്ല കാരണങ്ങളുമുണ്ടോയെന്നാണ് പരിശോധന. ഇതിനായി പുഴയിലെ ജലം പരിശോധിക്കും. പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, അംഗങ്ങളായ ഫായിസ് ബീരിച്ചേരി, വി പി സുനീറ, ഫിഷറീസ് വകുപ്പ് പഞ്ചായത്ത് തല പദ്ധതി ഓഫിസർ ഡോ രഞ്ജിനി, അക്വാ കൾച്ചർ പ്രമോട്ടർ പ്രീത പവിത്രൻ തുടങ്ങിയവർ സ്ഥലത്തെത്തി.