Mon. Dec 23rd, 2024

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന് പുതിയ നേട്ടം. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന എട്ടാമത്തെ താരമെന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്. ദക്ഷിണാഫ്രിക്കയുടെ സ്പീഡ് സ്റ്റാര്‍ ഡെയില്‍ സ്റ്റൈയ്നിനെയാണ് അശ്വിന്‍ പിന്നിലാക്കിയത്.

ശ്രീലങ്കയുടെ രണ്ടാമിന്നിങ്‌സില്‍ ധനഞ്ജയ ഡിസില്‍വയെ പുറത്താക്കിയതോടെയാണ് അശ്വിന്‍ എട്ടാമതെത്തിയത്. 162 ഇന്നിങ്‌സുകളില്‍ നിന്ന് 440 ടെസ്റ്റ് വിക്കറ്റുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 171 ഇന്നിങ്‌സുകളില്‍ നിന്ന് സ്‌റ്റെയ്ന്‍ വീഴ്ത്തിയത് 439 വിക്കറ്റുകളാണ്.

ശ്രീലങ്കയുടെ ഓഫ് സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 800 വിക്കറ്റുകളാണ് താരത്തിന് സ്വന്തം. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന്‍ വോണ്‍ 709 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്.

ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ 640 വിക്കറ്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ടെസ്‌റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്‌ അശ്വിന്‍. മുന്‍ നായകനും ലെഗ്‌ സ്‌പിന്നറുമായ അനില്‍ കുംബ്ലെയാണ്‌ (619) ഒന്നാമത്‌.

ലങ്കയ്‌ക്കെതിരെ മൊഹാലിയില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ അശ്വിന്‍ മുന്‍ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവിനെ മറികടന്നിരുന്നു. അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ 238 റൺസിനാണ് ഇന്ത്യയുടെ വിജയം.

447 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 208 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ കരുണരത്‌നെയുടെ സെഞ്ച്വറിയുടെ പിൻബലത്തിലാണ് ശ്രീലങ്ക 200 കടന്നത്. കരുണരത്‌നയെ കൂടാതെ കുശാൽ മെൻഡീസിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്.