Sun. Jan 19th, 2025
ചെന്നൈ:

ലൈംഗികാതിക്രമം പൊലീസിൽ പരാതിപ്പെട്ടതിന് ഗ്രാമവാസികൾ അകറ്റി നിർത്തുന്നുവെന്ന പരാതിയുമായി പതിനേഴും, പതിനഞ്ചും വയസായ സഹോദരികൾ. വീഡിയോയിലൂടെയാണ് കുട്ടികളുടെ വെളിപ്പെടുത്തൽ. തമിഴ്നാട് മഹാബലിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

പൊലീസ് സംരക്ഷണം നൽകുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്നും പെൺകുട്ടികൾ ആരോപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ട് വിഷയത്തിൽ പരിഹാരം കാണണമെന്നും കുട്ടികൾ വീഡിയോയിൽ പറഞ്ഞു.
തങ്ങൾക്കുണ്ടായ ദുരനുഭവം വിവരിക്കുന്നതിനിടയിൽ പെൺകുട്ടികൾ കരയുന്നതും ദൃശ്യങ്ങളിൽ കാണാം.

വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ പോലും ഗ്രാമവാസികൾ ആക്രമിക്കുകയാണെന്നും കുട്ടികൾ പറഞ്ഞു. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഭയമാണ്. പുറത്തിറങ്ങിയാൽ പുരുഷന്മാർ ചേർന്ന് ഉപദ്രവിക്കുമെന്നും അധികകാലം ഈ ദുരിതം സഹിക്കാനാകില്ലെന്നും ജീവനൊടുക്കുമെന്നും കുട്ടികൾ പറയുന്നു.

അമ്മാവന്‍റെ മകനിൽ നിന്നും ലൈംഗികാതിക്രമം നേരിട്ട സംഭവത്തെ കുറിച്ച് പൊലീസിൽ പരാതി നൽകിയതാണ് ഗ്രാമവാസികൾ കുടുംബത്തെ അകറ്റി നിർത്താനുള്ള കാരണം. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ വീട് കത്തിക്കുമെന്ന് പ്രദേശവാസികൾ ഭീഷണിപ്പെടുത്തിയതായും കുട്ടികൾ വെളിപ്പെടുത്തി. വീഡിയോ വൈറലായതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെക്കരുതെന്നും, പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനാൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവരങ്ങൾ പങ്കുവെക്കരുതെന്നും ചെങ്കൽപേട്ട് എസ്പി അരവിന്ദൻ അറിയിച്ചു.