Sun. Dec 22nd, 2024
റവന്യൂ വകുപ്പിലെ ചുവപ്പുനാടയും അഴിമതിയും നൽകുന്ന പാഠം

നിലമെന്ന് തെറ്റായി റവന്യൂ രേഖകളിൽ രേഖപ്പെടുത്തിയ സ്വന്തം കിടപ്പാടം ഉൾക്കൊള്ളുന്ന ഭൂമി തരം മാറ്റുന്നതിന്റെ ശ്രമങ്ങൾ പരാജയപ്പെട്ട് സജീവൻ എന്ന മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത വാർത്ത കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. പറവൂർ മാല്യങ്കര സ്വദേശിയായ സജീവൻ ഫെബ്രുവരി 3-നാണ് സ്വന്തം പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ചത്. മൃതദേഹത്തിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഭരണകൂടത്തിന്റെ അനാസ്ഥയേയും ഉദ്യോഗസ്ഥരുടെ കോഴ ആവശ്യങ്ങളെപ്പറ്റിയുമാണ് പരാമർശിക്കപ്പെട്ടിരുന്നത്. 

ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങളോട് ആദ്യം സർക്കാർ-ഉദ്യോഗസ്ഥ വൃത്തങ്ങൾ പ്രധിരോധ നിലപാട് സ്വീകരിച്ചെങ്കിലും പ്രതിഷേധങ്ങളെത്തുടർന്ന് അന്വേഷണം പ്രഖ്യാപിക്കുകയും അടുത്ത ദിവസം തന്നെ ജില്ലാ കളക്ടർ നടപടികൾ പൂർത്തിയാക്കി ഭൂമി തരം മാറ്റിയുള്ള രേഖകൾ നേരിട്ടെത്തി കുടുംബത്തിന് കൈമാറുകയും ചെയ്തു. തുടർന്ന് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 20-നു ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷൻ ഓഫീസിലെ 6 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

സജീവൻ ഭൂമി തരം മാറ്റുന്ന ആവശ്യത്തിനായി ഓഫീസുകൾ കയറി ഇറങ്ങി മടുത്ത് മനോവിഷമത്തിലാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭൂമി തരം മാറ്റി നല്കുന്നതിനായുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പണം അടയ്ക്കാനുള്ള ഉദ്യോഗസ്ഥരുടെ ആവശ്യത്തോട് പ്രതികരിച്ചില്ല എന്നുള്ള കളക്ടറുടെ അവകാശ വാദങ്ങളെ തള്ളുകയും ചെയ്യുകയാണ് സജീവന്റെ കുടുംബവും സജീവന്റെ വാർഡ് കൗൺസിലറായ പിഎം ആന്റണിയും.

നിയമപരമായ അവകാശങ്ങൾക്കുവേണ്ടിയാണ് സജീവൻ പോരാടിയതെന്നും അതിനുവേണ്ടി പത്ത് രൂപ പോലും കൈക്കൂലി നൽകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നതായും മരുമകൾ വർഷ പറയുന്നു. സജീവന്റെ ജീവന്റെയും സ്വപ്നങ്ങളുടെയും വിലയാണ് അദ്ദേഹത്തിന്റെ മരണശേഷം കേവലം മണിക്കൂറുകൾക്കുള്ളിൽ കളക്ടർ വസതിയിൽ എത്തിച്ചു നൽകിയ രേഖകളെന്നും, മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് ഓഫീസിലെത്തിയപ്പോൾ ഒരു അനുകൂല പ്രതികരണമുണ്ടായിരുന്നെങ്കിൽ സജീവൻ ഇപ്പോഴും തങ്ങളോടൊപ്പം ഉണ്ടായിരിക്കുമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

ഫോർട്ട് കൊച്ചി ആർഡിഒ ഓഫീസിനെപ്പറ്റിയുള്ള അഴിമതി പരാതികൾ അനേക നാളുകളായി നിലനിൽക്കുന്നതാണ്. ഓഫീസിനു കീഴിൽ അനധികൃതമായ ഭൂമി തരം മാറ്റലും ഭൂമി നികത്തലുകളും നിയമം മറികടന്ന് നടക്കുമ്പോഴും സജീവനെപ്പോലുള്ള ആളുകളുടെ  ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് നമ്മുടെ ഭരണ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ യഥാർത്ഥ മുഖമാണ് എടുത്തുകാണിക്കുന്നതെന്നാണ് മനുഷ്യാവകാശ പ്രവർത്തകനായ സി ആർ നീലകണ്ഠൻ പറയുന്നത്. ജനങ്ങൾക്ക് സുതാര്യമായ രീതിയിൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ ബാധ്യസ്ഥതയുള്ള സർക്കാരുകളുടെ നിലപാടുകളുടെ ആവർത്തനം തന്നെയാണ് സജീവന്റെ മരണം നമുക്ക് മുൻപിൽ തുറന്നു കാട്ടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അഴിമതി ആരോപണത്തെത്തുടർന്നു കഴിഞ്ഞ വർഷം ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലം മാറ്റത്തിന് സാക്ഷിയായ  ഓഫീസ് കൂടിയാണ് ഫോർട്ട് കൊച്ചി റവന്യൂ ഡിപ്പാർട്മെന്റ്. ഉദ്യോഗസ്ഥ ക്ഷാമവും ഡിജിറ്റലൈസേഷൻ പ്രക്രിയയും അടക്കം പല പ്രശ്നങ്ങൾ കാരണമാണ് ഓഫീസ് നടപടികളിൽ കാല താമസമുണ്ടാകുന്നതെന്നാണ് ഓഫീസ് വൃത്തങ്ങളുടെ വാദം. പക്ഷേ എന്നിട്ടും സാമൂഹിക രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളുടെ നിയമപരവും അല്ലാതെയുമുള്ള ആവശ്യങ്ങൾ തടസ്സംകൂടാതെ നടത്തിക്കിട്ടുന്നുണ്ട് എന്നത്  മറ്റൊരു യാഥാർത്ഥ്യമാണ്.  

പള്ളുരുത്തിയിൽ താമസിക്കുന്ന സുരേഷ് പടക്കാറയ്ക്ക് ഭാര്യയ്ക്ക് കുടുംബ സ്വത്തായി ലഭിച്ച സ്വത്ത് പോക്കുവരവ് ചെയ്യുന്നതിനായി അതേ ഓഫീസ് കയറി ഇറങ്ങിയതിന്റെ ദുരിതങ്ങളുടെ കഥകളാണ് പറയാനുള്ളത്. ആ ഓഫീസിൽ ചെന്നാൽ ആശയറ്റ് ജീവച്ഛവങ്ങളായി തുടരുന്ന അനേകം ആളുകളെ കാണാൻ സാധിക്കുമെന്നതാണ് അദ്ദേഹത്തിന്റെ അനുഭവം. നിയമപരമായി അദ്ദേഹത്തിന് ലഭ്യമാകേണ്ട അവകാശം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് വിഷയത്തിൽ ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി നേടിയെടുത്തതിന്ശേഷവും ഒരുവർഷത്തോളം വൈകിപ്പിച്ചാണ് റവന്യൂ വകുപ്പ് നടപടികൾ കൈക്കൊണ്ടത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഉത്തരവാദിത്തവീഴ്ചയുമാണ് അദ്ദേഹത്തിന് കോടതിയെ ആശ്രയിക്കേണ്ടിവരാനുണ്ടായ സാഹചര്യം. നിയമ പരിജ്ഞാനക്കുറവുള്ളവരും  കോടതി ചിലവുകൾ വഹിക്കാൻ കഴിയാത്തവരുമായ എത്രയോ ആളുകൾ നീതിക്കായി കൈനീട്ടുന്നുണ്ടാവുമായിരിക്കുമെന്നാണ് അദ്ദേഹത്തിൻറെ ചോദ്യം.

ഭരണ വിഭാഗത്തിൽ ഏറ്റവും ഉയർന്ന ചുമതലകൾ വഹിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥർവരെ നിയമാനുസൃതം നടപടികൾ നടത്താതെ പൗരന്മാരോട് കോടതിയെ സമീപിക്കാൻ പറയുന്നത് അങ്ങേയറ്റം ജനവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ലഭ്യമാക്കേണ്ട അവകാശങ്ങൾ കൃത്യവിലോപത്തിലൂടെ ഹനിച്ച മുൻ എറണാകുളം സബ് കളക്ടർമാർക്കെതിരെ വിജിലൻസിലടക്കം പരാതികളുമായി മുന്നോട്ടുപോവുകയാണ് അദ്ദേഹം. ഏതൊരു പൗരനും ജനാധിപത്യ സംവിധാനത്തിൽ ജുഡീഷ്യറി എന്നത് ഏറ്റവും അവസാനത്തെ ആശ്രയമായിരിക്കണമെന്നും എക്സിക്യൂട്ടീവ് അധികാരം കൃത്യതയോടെ ഉദ്യോഗസ്ഥർ ഉപയോഗിക്കാതിരിക്കുന്നത് നീതി നിഷേധമാണെന്നും വിഷയത്തിൽ സി ആർ നീലകണ്ഠൻ പ്രതികരിച്ചു.

“നിതാന്ത ജാഗ്രതയാണ് ജനാധിപത്യത്തിന് പൗരൻ നൽകുന്ന വില.ഏത് തലമുറ ആണെങ്കിലും ജനാധിപത്യം ശക്തമാവണമെങ്കിൽ അതിൽ പൗരന്റെ ഇടപെടീൽ ഉണ്ടാകണം. പൗരന്മാർ ഇടപെടീൽ കുറച്ചാൽ ജനാധിപത്യം ദുർബലമാകും അപ്പോൾ പ്രതികരണമെന്നത് പൗരന്റെ അവകാശമാണ്. ഒരു അനീതി കാണുമ്പോൾ ഞാൻ അതിനോട് പ്രതികരിക്കില്ല എന്ന് പറഞ്ഞാൽ അതിനർത്ഥം ഞാൻ അനീതിക്ക് കൂട്ടുനിൽക്കുന്നു എന്ന തന്നെയാണ്” സി ആർ നീലകണ്ഠൻ കൂട്ടിച്ചേർത്തു.