Mon. Dec 23rd, 2024
പേരാമ്പ്ര:

കാർ റോഡരികിൽ നിർത്തിയിട്ട് യുവാവ് ഉറങ്ങിപ്പോയി. ഇതോടെ വലഞ്ഞത് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും. ഇന്നലെ രാവിലെ പാലേരിയിലാണു സംഭവം.

കുറ്റ്യാടി –പേരാമ്പ്ര റോഡിൽ പാലേരി വടക്കുമ്പാട് തണലിന് സമീപം അതിവേഗത്തിൽ വന്ന കാർ പെട്ടെന്ന് നിർത്തി. പിന്നെ മണിക്കൂറുകളോളം കാർ അവിടെത്തന്നെ. സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോൾ ഒരാൾ കാറിൽ ഉറങ്ങുന്നതാണു കണ്ടത്. ഉണർത്താൻ സകല ശ്രമങ്ങളും നടത്തിയെങ്കിലും പ്രതികരണമുണ്ടായില്ല.

ഒരിക്കൽ സീറ്റിലേക്ക് മറിഞ്ഞു വീണ കക്ഷി വീണ്ടും ഉറക്കം തുടരുകയായിരുന്നു. അവസാനം നാട്ടുകാർ പൊലീസിനെയും പൊലീസ് ഫയർ ഫോഴ്സിനെയും വിവരമറിയിച്ചു.11 മണിയോടെ സർവസന്നാഹങ്ങളുമായി ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി.

കാറിന്റെ ഡോർ മുറിക്കുന്നതിനു മുൻപ് നാട്ടുകാരും സേനാംഗങ്ങളും ശക്തമായി കുലുക്കിയപ്പോൾ ഒന്നുമറിയാതെ യുവാവ് ചാടിയെണീറ്റ് ഡോർ തുറന്ന് പുറത്തിറങ്ങി. തന്റെ ചുറ്റും കൂടിയവരെ  അദ്ഭുതത്തോടെ നോക്കി. ആരോഗ്യ വകുപ്പ് ജീവനക്കാരൻ കൂത്താളി മൂരികുത്തിയിലെ ആദിലാണ് വണ്ടിയിലുണ്ടായിരുന്നത്. തുടർച്ചയായി രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയിൽ വണ്ടി നിർത്തി ഉറങ്ങിപ്പോയതായിരുന്നു.