Wed. Nov 6th, 2024
കിയവ്:

യുദ്ധവേളയിലെ ആയുധ കൈമാറ്റം അങ്ങേയറ്റം അപകടകരമാണെന്ന് റഷ്യ. യുക്രെയ്ന് ആയുധങ്ങൾ കൈമാറുന്ന വാഹനങ്ങൾ ആക്രമിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ആയുധങ്ങളുമായി യുക്രെയ്‌നിൽ എത്തുന്ന കപ്പലുകളും വാഹനങ്ങളും റഷ്യൻ സായുധ സേന നശിപ്പിക്കുമെന്നും അവർ അറിയിച്ചു.

യുക്രെയ്‌ന് ആയുധം നൽകുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് റഷ്യ യു എസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് റഷ്യൻ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾക്കെതിരായ വ്യക്തിഗത ഉപരോധങ്ങൾ സമീപഭാവിയിൽ റഷ്യ പ്രസിദ്ധീകരിക്കുമെന്നും സെർജി റിയാബ്കോവ് പറഞ്ഞു. റഷ്യയുടെ എതിർചേരിയിൽ നിൽക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് അടുത്തിടെ പുറത്തുവിട്ടിരുന്നു.

റഷ്യൻ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണെന്നും നാറ്റോ സഖ്യവും റഷ്യയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ആയുധ കൈമാറ്റം എത്തിക്കാൻ ഇടയുണ്ടെന്നുമാണ് വിലയിരുത്തൽ. യുക്രെയ്നിൽ റഷ്യക്കെതിരെ യുദ്ധം ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.