Fri. Nov 22nd, 2024
കോട്ടയം:

ജില്ലയിലെ ആദ്യ മില്‍ക്ക് എ ടി എം മണര്‍കാട് അരീപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ പ്രവർത്തനസജ്ജമായി. 300 ലിറ്റര്‍ പാൽ സംഭരണശേഷിയും എ ടി എം 24 മണിക്കൂർ പ്രവര്‍ത്തനക്ഷമതയുള്ളതുമാണ് എ ടി എം. 4.35 ലക്ഷം രൂപയാണ് നിർമാണച്ചെലവ്.

രണ്ടുലക്ഷം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ബാക്കി തുക സംഘത്തിന്‍റേതുമാണ്. ഈ മാസം അവസാനത്തോടെ എടിഎം കൗണ്ടർ തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ്. സംഘത്തില്‍നിന്ന് ലഭിക്കുന്ന സ്മാർട്ട് കാര്‍ഡ് ഉപയോഗിച്ചോ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ 100 മില്ലി ലിറ്റര്‍ മുതല്‍ പാല്‍ ശേഖരിക്കാനാകും. പാത്രം കൊണ്ടുവരണം. ഇതിലൂടെ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം ഒഴിവാക്കാനാകും.

ഡൽഹി ആസ്ഥാനമായ പ്യുവർ ലോ എന്ന കമ്പനിയാണ് മെഷീൻ നിർമിച്ചത്. പാൽ സംഭരിക്കുന്ന ടാങ്ക്, പണം ശേഖരിക്കുന്ന ഡ്രോ, കറൻസി ഡിറ്റക്ടർ, കംപ്രസർ, ക്ലീനിങ്ങിനുള്ള മെഷീനുകൾ എന്നിവയാണ് ഇതിലുള്ളത്.

1957ൽ പ്രവർത്തനം ആരംഭിച്ച അരീപ്പറമ്പ് സംഘം, ഈ വര്‍ഷത്തെ ജില്ലയിലെ മികച്ച പരമ്പരാഗത ക്ഷീരസംഘമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻവര്‍ഷങ്ങളെ അപേക്ഷിച്ച് പാൽ സംഭരണത്തിലുണ്ടായ വര്‍ദ്ധനയും അടിസ്ഥാന സൗകര്യ വികസനവുമാണ് മികച്ച പ്രവർത്തനത്തിന് പ്രാപ്തമാക്കിയതെന്ന് സംഘം പ്രസിഡന്‍റ് വി സി സ്‌കറിയയും സെക്രട്ടറി കെ എസ് ടിജോയും പറഞ്ഞു.

പ്രതിദിനം 2000 മുതല്‍ 2500 ലിറ്റര്‍ വരെ പാല്‍ സംഭരിക്കുന്നുണ്ട്. 200 സ്ഥിരം അംഗങ്ങളുള്‍പ്പെടെ 1688 അംഗങ്ങളാണ് സംഘത്തിലുള്ളത്. സംസ്ഥാനത്തെ മികച്ച ക്ഷീര സംഘത്തിനുള്ള ഡോ വര്‍ഗീസ് കുര്യന്‍റെ പേരിലുള്ള പ്രോത്സാഹന സമ്മാനവും സംഘത്തിന് ലഭിച്ചിട്ടുണ്ട്.