Wed. Jan 22nd, 2025
ഗോവ:

ഗോവയിൽ വോട്ടെണ്ണൽ പൂർത്തിയാവും മുമ്പേ സർക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ബിജെപി. ഉടൻ തന്നെ ഗവർണറെ കാണുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. ഗോവയില്‍ 19 സീറ്റുകളിൽ ബിജെപി മുന്നേറ്റം തുടരുകയാണ്. കേവലഭൂരിപക്ഷത്തിന് 21 സീറ്റാണ് വേണ്ടത്.

കഴിഞ്ഞ തവണത്തേത് പോലെ ചെറുകക്ഷികളെ കൂടെ നിർത്തി ഗവൺമെന്റ്റ് രൂപീകരിക്കാനാവും എന്ന് തന്നെയാണ് ബിജെപി ഉറച്ച് വിശ്വസിക്കുന്നത്. മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന എംജിപി ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് സൂചനകള്‍.
മൂന്നിടങ്ങളിൽ സ്വതന്ത്രരും മൂന്നിടങ്ങളിൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർടിയുമാണ് മുന്നിലുള്ളത്. ഇവരുടെ നിലപാട് നിർണായകമാണ്.

രണ്ടിടത്ത് ആം ആദ്മി പാർട്ടിയും ലീഡ് ചെയ്യുന്നുണ്ട്. ബിജെപി ഒഴികെയുള്ളവർ മുഴുവൻ പിന്തുണച്ചാലെ കോൺഗ്രസിന് ഭരണ സാധ്യത ഉള്ളൂ. എംജിപി യെ കൂടെ നിര്‍ത്തി ബിജെപി ഗവൺമെന്റ്റ് രൂപീകരിക്കാൻ തയ്യാറായെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ് പറഞ്ഞു. ഇതോടെ ഗോവയിൽ ഏറെക്കുറെ ബിജെപി ഹാട്രിക്ക് വിജയമുറപ്പിച്ച മട്ടാണ്.

നിലവില്‍ 12 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 2017ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റിൽ 17 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു. എന്നാൽ ചെറു പാർട്ടികളുടെ അടക്കം പിന്തുണ നേടാൻ ആകാതെ വന്നതോടെ 13 സീറ്റ് നേടിയ ബി ജെ പി സർക്കാർ ഉണ്ടാക്കുകയായിരുന്നു.

അതിനുശേഷം രണ്ട് വർഷം കഴിഞ്ഞ് കോൺഗ്രസിലെ 15 എം എൽ എമാർ ബി ജെ പിയിൽ ചേരുകയും ചെയ്തു. ഇതോടെ ഭരണം ബി ജെ പിക്ക് എളുപ്പമായി. ഇത്തവണ ഇതൊഴിവാക്കാനാണ് കോൺഗ്രസ് അരയും തലയും മുറുക്കി ഇറങ്ങിയിരുന്നത്. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല.