Fri. Nov 22nd, 2024
ഇംഫാൽ:

മണിപ്പൂരിൽ ഇത്തവണയും തൂക്കുമന്ത്രിസഭക്ക് സാധ്യത. ആകെ 60 സീറ്റുള്ള മണിപ്പൂരിൽ 31 സീറ്റ് വേണം ഭൂരിപക്ഷത്തിന്. എന്നാൽ, നിലവിൽ ബിജെപി 20 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.

കോൺഗ്രസിന്റെ ലീഡ് ഏഴിലേക്ക് ഒതുങ്ങി. കഴിഞ്ഞതവണയിത് 28 സീറ്റായിരുന്നു. അഞ്ച് സീറ്റുമായി എൻപിപിയും മൂന്ന് സീറ്റുമായി എൻപിഎഫും ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്.

എൻപിപിക്കും എൻപിഎഫിനും കഴിഞ്ഞ തവണത്തെപ്പോാലെ കിങ് മേക്കറാകാനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്. ഖംഗാബോക്ക്, ഖുന്ദ്രക്പാം, ലംഗ്തബൽ, സൈക്കോട്ട്, തൗബാൽ, ഉഖ്രുൽ, വാബ്ഗായ് എന്നിവിടങ്ങളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. തൗബാലിൽ മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് 1225 വോട്ടുകൾക്കാണ് മുന്നിലുള്ളത്.

ചന്ദേൽ, ചുരാചന്ദ്പൂർ, ഹെൻഗാങ്, ഹെയ്‌റോക്, ഹെങ്‌ലെപ്, ജിരിബാം, കാങ്‌പോക്‌പി, കരോങ്, കെയ്‌റോ, ഖുറൈ, ലിലോങ്, നമ്പോൽ, നുങ്‌ബ, ഫുങ്‌യാർ, സഗോൽബന്ദ്, തമെങ്‌ലോങ്, തങ്ക, വാങ്‌ഖേം എന്നിവിടങ്ങളിലാണ് ബിജെപിക്ക് ലീഡുള്ളത്. സൈകുൽ മണ്ഡലത്തിൽ കുക്കി പീപ്പിൾസ് അലയൻസ് സ്ഥാനാർത്ഥി കിംനിയോ ഹാക്കിപ് ഹാങ്ഷിങ് 289 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. ജനുവരിയിലാണ് ഈ സഖ്യം രൂപീകരിക്കുന്നത്.

മിസോ കുന്നുകളിൽ വസിക്കുന്നവരാണ് ‘കുക്കി’ വിഭാഗക്കാർ. കുക്കി ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് കൂട്ടായ്മയുണ്ടാക്കിയത്. സൈകുൽ, സിംഗ എന്നീ സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയിരുന്നു.