Mon. Dec 23rd, 2024
ദില്ലി:

രാജ്യത്തെമ്പാടും ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാൾ. പ്രതിപക്ഷ പാർട്ടികൾ തന്നെ അപമാനിച്ചുവെന്നും ഇവർക്ക് സ്നേഹത്തിന്റെ ഭാഷയിലാണ് മറുപടി നൽകിയതെന്നും കെജ്രിവാൾ പറഞ്ഞു.

സ്നേഹത്തിന്റെ രാഷ്ട്രീയമാണ് ആം ആദ്മി പാർട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബിൽ തോറ്റ കോൺഗ്രസ്, അകാലിദൾ നേതാക്കളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.

അംബേദ്കറും ഭഗത്സിംഗും കണ്ട സ്വപ്നമാണ് ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തുമ്പോൾ യാഥാർത്ഥ്യമാകുന്നത്. ആം ആദ്മി പാർട്ടി വളരെ ചെറിയൊരു പാർട്ടിയായിരുന്നു. താൻ ഭീകരവാദിയെന്ന് അവർ കുറ്റപ്പെടുത്തി. എന്നാൽ ജനം അത് തള്ളിക്കളഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ച്ഛന്നിയെ തോൽപ്പിച്ചത് മൊബൈൽ റിപ്പയർ ചെയ്യുന്ന കടയുടമയാണെന്ന് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. സ്ത്രീകളെയും യുവാക്കളെയും തന്റെ പാർട്ടിയിലേക്ക് ക്ഷണിച്ച അദ്ദേഹം സാധാരണക്കാരുടെ ഒന്നിച്ചു നിൽക്കാൻ ആഹ്വാനം ചെയ്യുകയും ജനങ്ങളുടെ വിശ്വാസം തകർക്കില്ലെന്നും പറഞ്ഞു.