Fri. Jan 10th, 2025
ഉത്തരാഖണ്ഡ്:

വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഉത്തരാഖണ്ഡിൽ ബിജെപി കുതിക്കുന്നു. 44 സീറ്റിലാണ് ബിജെപി ഉത്തരാഖണ്ഡിൽ ആധികാരിക ലീഡുയർത്തുന്നത്. കോൺഗ്രസിന് 20 സീറ്റിലാണ് ലീഡ്. നാലു സീറ്റുകളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു.

70 സീറ്റിലേക്കാണ് ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഫലസൂചനകൾ ലഭിക്കുമ്പോൾ തന്നെ ബിജെപി മുന്നിലായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളാൽ ഉത്തർപ്രദേശും പഞ്ചാബും പോലെ തന്നെ രാജ്യം ഉറ്റുനോക്കുന്ന ഒന്നാണ് ഉത്തരാഖണ്ഡിലെയും തിരഞ്ഞെടുപ്പ്.

152 സ്വതന്ത്രർ അടക്കം 632 സ്ഥാനാർത്ഥികളാണ് ഉത്തരാഖണ്ഡിൽ മത്സര രംഗത്തുണ്ടായിരുന്നത്. രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് 5 വർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് ഭരണം. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണത്തുടർച്ച ലഭിച്ചാൽ അത് പുതിയ ചരിത്രമാകും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മുഖ്യമന്ത്രി പുഷക്കർസിംഗ് ധാമിയുടേയും പ്രതിച്ഛായയിൽ ഇത്തവണ ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മോദി-ധാമി പ്രഭാവം പരമാവധി പ്രയോജനപ്പെടുത്തിയായിരുന്നു പ്രചരണമത്രയും.

2017 ൽ 57 സീറ്റ് നേടിയാണ് ബിജെപി ഭരണത്തിലേറിയത്. എക്‌സിറ്റ് പോൾ ഫലങ്ങളിൽ ഏറെയും ബിജെപിക്ക് അനുകൂലമായിരുന്നു. ബിജെപി 35 മുതൽ 40 സീറ്റുകൾ വരെ നേടുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ.